കൊളംബോ: രാജി സന്നദ്ധത പ്രകടിപ്പിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്സെ. സര്‍വ്വകക്ഷി സര്‍ക്കാറെന്ന ഭരണകക്ഷിയുടെ പ്രശ്നപരിഹാര നിര്‍ദ്ദേശത്തിന് പ്രതിപക്ഷത്തെ അനുനയിപ്പിക്കാനാണ് മഹിന്ദയുടെ തീരുമാനം. പ്രധാനമന്ത്രി രാജി സമര്‍പ്പിച്ചാല്‍ സ്വീകരിക്കുമെന്ന് സഹോദരനും പ്രസിഡന്റുമായ ഗോതാബയ രജപക്സെ വ്യക്തമാക്കി. നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചതായി ഗോതാബയ അറിയിച്ചു.
ശ്രീലങ്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് രജപക്സെ കുടുംബ ഭരണമാണെന്ന ആരോപണവുമായി രാജ്യത്ത് വന്‍പ്രക്ഷോഭമാണ് പ്രതിപക്ഷം നടത്തുന്നത്. ഇതിനിടെ ഭരണകക്ഷിയിലെ പല നേതാക്കളും രാജിവയ്ക്കുകയും നാടുവിടുകയും ചെയ്തത് രജപക്സെ കുടുംബത്തിന് വന്‍ തിരിച്ചടിയാവുകയും ചെയ്തു.
അതേസമയം, വിദ്യാര്‍ത്ഥികളും യുവാക്കളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം പലയിടത്തും അക്രമാസക്തമായി. പ്രസിഡന്റിനേയും പ്രധാനമന്ത്രിയുടേയും വസതികള്‍ക്ക് നേരെ പല തവണ ആക്രമണം നടന്നതും ഭരണകൂടത്തിന് നാണക്കേടായിരിക്കുകയാണ്.

