സിൽവർ ലൈൻ സംവാദം; കെഎസ്ആര്‍ടിസിയെ ആദ്യം മെച്ചപ്പെടുത്തികൂടെയെന്ന ചോദ്യവുമായി പൊതുപ്രവർത്തകൻ

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിന് വേദിയായി ഹോട്ടൽ താജ് വിവാന്ത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളാൽ സജീവമായിരുന്നു കെ റെയിൽ സംവാദം. ആർവിജി മേനോൻ സംവാദത്തിൽ അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ചു.

എന്നാൽ സിൽവർ ലൈൻ കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നായിരുന്നു മറ്റ് പാനലിസ്റ്റുകളുടെ വാദം. റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, സാങ്കേതിക സർവ്വകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ എന്നിവർ സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ചും സംസാരിച്ചു.

സംവാദത്തിൽ കാണികളിൽ നിന്നും ചോദ്യമുയർന്നിരുന്നു. ആദ്യം കെഎസ്ആർടിസിയെ നന്നാക്കിക്കൂടെ എന്നായിരുന്നു പൊതുപ്രവർത്തകനായ മുണ്ടേല ബഷീറിന്റെ ചോദ്യം. ചോദ്യത്തിന് കെ റെയിൽ എംഡി മറുപടി പറയണം എന്നായിരുന്നു ആവശ്യം. എന്നാൽ ഈ ചോദ്യത്തിന് മറുപടി പറയാതെ ചർച്ച തുടർന്നു. കെ റെയിൽ എന്നത് ഒരു കോർപ്പറേഷനാണ്. പൊതുഗതാഗതത്തിന് വേണ്ടിയുള്ളതാണ്. നിലവിൽ നമുക്കൊരു കോർപ്പറേഷനുണ്ട്, കെഎസ്ആർടിസി. അതിൻറെ സ്ഥിതിയെന്താണ്? അത് മെച്ചപ്പെടുത്താൻ നമുക്കൊരു വഴി കണ്ടുകൂടെ. ഉള്ളതിനെ മെച്ചപ്പെടുത്തുക. അതിന്റെ പരമാവധി പ്രയോജനം എടുക്കുക. അതിൽ നിന്ന് പരമാവധി നേട്ടം കൊയ്യുക. അതൊരു സാധാരണ എക്കണോമിക്‌സാണ്’. അങ്ങനെ വരുമ്പോൾ കെ റെയിൽ അധികപ്പറ്റല്ലേ എന്നായിരുന്നു മുണ്ടേല ബഷീർ ചോദിച്ചത്.