മത്സ്യങ്ങളിലെ മായം കലർത്തൽ; നടപടി ക്രമങ്ങൾ എളുപ്പമല്ലെന്ന് അധികൃതർ

കാസർകോട്: മീനിൽ രാസ പദാർഥം കലർത്തുന്നുവെന്ന പരാതി വ്യാപകമാകുന്നു. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കുന്നത് വളരെ വിരളമാണ്. മത്സ്യത്തിലെ മായം കണ്ടെത്തുക അത്ര എളുപ്പത്തിലാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അമോണിയ പോലുള്ള രാസ പദാർഥങ്ങളിട്ട് വിൽപനയ്ക്ക് എത്തിക്കുന്ന മത്സ്യത്തെ നേരിട്ട് കണ്ടാൽ പലപ്പോഴും മനസിലാവില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ അറിയിക്കുന്നത്.

അമോണിയ, ഫോർമലിൻ പോലുള്ള രാസപദാർഥങ്ങൾ മത്സ്യങ്ങളിൽ കലർത്തിയിടുണ്ടോയെന്ന് വേഗത്തിൽ പരിശോധിക്കുവാനുള്ള സംവിധാനം ഇല്ല എന്നുള്ളതാണ് നിലവിലെ പ്രധാന പ്രശ്‌നം. പിടിച്ചെടുത്ത മത്സ്യങ്ങൾ ലാബുകളിൽ കൊണ്ടുപോയി പരിശോധിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന്റെ ഫലം വരുമ്പോൾ തന്നെ ദിവസങ്ങളെടുത്തേക്കാം.

മത്സ്യത്തിൽ മായം ചേർക്കുന്നതു തുറമുഖങ്ങളിൽ നിന്നോ അതോ വിപണിയിൽ നിന്നോ എന്നുള്ള സംശയങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലും ഒന്നും തന്നെ മായം കലർത്തുന്നതെവിടെ നിന്നാണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മത്സ്യം സൂക്ഷിക്കുവാൻ ഉപയോഗിക്കുന്ന ഐസ് വഴി മായം കലർത്തുന്നുണ്ടോയെന്ന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. വൻകിട-ചെറുകിട മത്സ്യ വിപണന കേന്ദ്രങ്ങളിലടക്കം ശക്തമായ പരിശോധന നടത്തുവാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുമ്പോൾ മായം കലരാതെ കിട്ടുന്ന മത്സ്യമേതെന്ന് തിരിച്ചറിയാൻ പോലും കഴിയാതെയാണ് ജനങ്ങൾ മത്സ്യം വാങ്ങുന്നത്.

മീൻ കേടു കൂടാതെ സൂക്ഷിക്കാൻ ഫോർമലിൻ, അമോണിയ എന്നിവ കലർത്തുന്നതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ജോൺ വിജയ കുമാർ അറിയിച്ചു. സംശയമുള്ളവയുടെ സാംപിൾ എടുത്തു പരിശോധനയ്ക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. രാസ പരിശോധനയിൽ മാത്രമേ മായം ചേർത്തത് തിരിച്ചറിയാൻ കഴിയൂ. കോഴിക്കോടുള്ള റീജനൽ ലബോറട്ടറിയിൽ നിന്നാണ് പരിശോധന നടത്തുന്നത്. പരിശോധനാ റിപ്പോർട്ട് കിട്ടാൻ ചുരുങ്ങിയത് 14 ദിവസമെടുക്കും. ഇപ്പോൾ ജില്ലയിൽ പരിശോധനയ്ക്കായി മൊബൈൽ ഭക്ഷ്യ പരിശോധന ലാബും സജ്ജമായിട്ടുണ്ട്. മീൻപിടിത്ത തുറമുഖങ്ങൾ, വൻകിട ചെറുകിട മീൻ വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇനിയുള്ള ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 93 പരിശോധനകൾ നടത്തി. പരിശോധനയുടെ ഭാഗമായി 13 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. ഇതുകൂടാതെ പരിശോധനയിൽ നൂനതകൾ കണ്ടെത്തിയവർക്കെതിരായി 4 നോട്ടീസുകളും നൽകി. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് 36 മത്സ്യ സാമ്പിളുകളിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ മേഖലാടിസ്ഥാനത്തിൽ സർപ്രൈസ് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ തുടരുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 3667 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 2043 പരിശോധനകളിൽ 1118 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തിയ 649 പരിശോധനയിൽ 9 സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ചെക്ക്പോസ്റ്റുകൾ, സംസ്ഥാനത്തെ മുഴുവൻ മത്സ്യലേല കേന്ദ്രങ്ങൾ, ഹാർബറുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ചെറുകിട മത്സ്യ വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവിൽ പരിശോധന നടത്തി.