കേസ് അട്ടിമറിക്കാൻ ഇടപെട്ടു; ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ നൽകി നടി

കൊച്ചി: ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ നൽകി ആക്രമിക്കപ്പെട്ട നടി. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖകളാണ് നടി ബാർ കൗൺസിലിന് കൈമാറിയത്. ദിലീപിന്റെ അഭിഭാഷകർക്കെതിരെ പുറത്തുവന്ന ശബ്ദരേഖകളാണ് നടി ബാർ കൗൺസിലിന് നൽകിയത്.

ഹൈക്കോടതിയിൽ ഉൾപ്പെടെ നേരത്തെ പ്രോസിക്യൂഷൻ ഹാജരാക്കിയ ശബ്ദരേഖകളുടെ പകർപ്പാണ് നടി ബാർ കൗൺസിലിന് കൈമാറിയിരിക്കുന്നത്. ദിലീപിന്റെ അിഭാഷകരായ ബി രാമൻപിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെ ആക്രമിക്കപ്പെട്ട നടി നേരത്തെ ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു.

രാമൻ പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകിയെന്നുമാണ് നടി ബാർ കൗൺസിലിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പ്രതികളുമായി ചേർന്ന് രാമൻപിള്ള ഇരുപതിലേറെ സാക്ഷികളെ സ്വാധീനിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പുതിയ തെളിവുകളിൽ ബാർ കൗൺസിൽ അഭിഭാഷകരോട് വിശദീകരണം ആവശ്യപ്പെടും. അഭിഭാഷകരുടെ വിശദീകരണം ലഭിച്ച ശേഷം ബാർ കൗൺസിലിന്റെ മുഴുവൻ അംഗങ്ങളും ഉൾപ്പെട്ട യോഗം ഇത് വിശദമായി ചർച്ചചെയ്യും. അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിലുള്ള ചട്ടലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രഥമദൃഷ്ട്യാ അത്തരത്തലെന്തെങ്കിലും കണ്ടെത്തിയാൽ ബാർ കൗൺസിലിന്റെ അച്ചടക്ക സമിതിക്ക് അത് കൈമാറാനാണ് തീരുമാനം.