ന്യൂഡൽഹി: 2024-ൽ ഭരണമാറ്റമുണ്ടാകണമെന്ന് യഥാർത്ഥത്തിൽ ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിന്റെ മുഖ്യപങ്കാളിത്വം അംഗീകരിക്കണമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. കോൺഗ്രസിനെ ഒഴിവാക്കി അത് സാധിക്കുമെന്ന് പറയുന്നവർ സ്വപ്ന ജീവികളാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇന്ത്യയിൽ എല്ലാ വാർഡിലും ഗ്രാമങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും അഞ്ച് പ്രവർത്തകരെങ്കിലുമുള്ള പാർട്ടി കോൺഗ്രസാണ്. കോൺഗ്രസിന്റെ ഭാവിയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു. താൻ പാർലമെന്ററി രാഷ്ട്രീയം പൂർണമായും വിട്ടു, ദേശീയ രാഷ്ട്രീയത്തിൽ നിന്ന് ക്രമേണ മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഇനി താൻ കേരളത്തിൽ പ്രവർത്തിക്കും. എല്ലാത്തിനും ഒരു സമയമുണ്ട്. സമയമാകുമ്പോൾ ഒഴിയണം എന്ന അഭിപ്രായമാണ് ഉള്ളത്, അത് ആരായാലും. ഇതുവരെ ഒരു സ്ഥാനത്തുനിന്ന് ആരും ഇറക്കിവിട്ടിട്ടില്ല. ഇറങ്ങിപ്പോകണമെന്ന് തോന്നിയപ്പോൾ ഇറങ്ങിയിട്ടുണ്ട്. സമയമാകുമ്പോൾ ഒരു ഉൾവിളി വരാറുണ്ട്. ഇനി തുടരുന്നത് ശരിയല്ല എന്ന് തോന്നാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ദിരാ ഗാന്ധിയുടെ കാലത്ത് താൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായതാണ്. 1984 ൽ ഇന്ദിരാഗാന്ധിയാണ് വർക്കിങ് കമ്മറ്റിയിലേക്ക് തന്നെ നോമിനേറ്റ് ചെയ്തത്. ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധി മുതലുള്ള കോൺഗ്രസ് പ്രസിഡന്റുമാരുടെ കൂടെ 35 വർഷത്തോളം വർക്കിങ് കമ്മിറ്റിയിൽ തുടർന്നു. ഇത് പോരെയെന്നും ഇതിൽ അപ്പുറത്ത് ആഗ്രഹിക്കുന്നത് ശരിയല്ലെന്നും ആന്റണി അഭിപ്രായപ്പെട്ടു.
ഒരിക്കലും നെഹ്റു കുടുംബത്തെ മറക്കാൻ കഴിയില്ല. ആ കുടുംബത്തിന്റെ നേതൃത്വം ഇല്ലാത്ത ഒരു കോൺഗ്രസ് എന്നാൽ അത് കോൺഗ്രസല്ല. അവരെ മാറ്റിനിർത്തി ഒരു കോൺഗ്രസ് ഉണ്ടാക്കാൻ പറ്റുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അവരോട് ഒന്നും പറയാനില്ല. നെഹ്റു കുടുംബത്തിന്റെ മുഖ്യ നേതൃത്വമില്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. ആ കോൺഗ്രസിന് മുഖ്യ പങ്കാളിത്വമില്ലാത്ത ഒരു പ്രതിപക്ഷ നിരക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
ലഭിച്ച സ്ഥാനമാനങ്ങളിൽ 101 ശതമാനം സംതൃപ്തനാണ്. കേരളത്തിലെത്തിയാൽ പാർട്ടിക്ക് ഏതെങ്കിലും നിലയിൽ പ്രയാസം ഉണ്ടാക്കാനിടയുള്ള പ്രവർത്തനം നടത്തില്ല. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ തന്നേപ്പോലെ പാർട്ടി സഹായിച്ച, സൗകര്യം നൽകിയ, അവസരങ്ങൾ നൽകിയ നേതാവ് കേരളത്തിൽ വേറെയില്ല. തനിക്ക് തന്നെ ഇക്കാര്യത്തിൽ അതിശയമാണെന്നും ജനങ്ങളും തനിക്ക് ധാരാളം അവസരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

