ഹേറ്റ് ഇൻ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യയും ഒരുമിച്ച് നടക്കില്ല; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മക്കെതിരെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ കമ്പനികൾ രാജ്യം വിട്ട് പോകുന്നു എന്ന കാര്യം ഓർമപ്പെടുത്തും വിധം ഒരു ചിത്രത്തിനൊപ്പം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിസിനസുകാരെ രാജ്യത്ത് നിന്ന് തുരത്താൻ എളുപ്പമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഹേറ്റ് ഇൻ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യയും ഒരുമിച്ച് നടക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഏഴ് അന്താരാഷ്ട്ര ബ്രാൻഡുകൾ, ഒമ്പത് ഫാക്ടറികൾ, 649 ഡീലർഷിപ്പുകൾ, 84,000 തൊഴിലുകൾ എന്നിവയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കടുത്ത തൊഴിലില്ലായ്മ പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017 ൽ ഷെവർലെ, 2018 ൽ മാൻ ട്രക്ക്, 2019 ഫിയറ്റും, യുണൈറ്റഡ് മോട്ടോഴ്‌സും, 2020 ൽ ഹാർലി ഡെവിഡ്‌സൺ, 2021 ൽ ഫോഡ്, 2022 ൽ ഡാറ്റ്‌സൺ എന്നീ വാഹന നിർമാതാക്കൾ രാജ്യം വിട്ടുവെന്നാണ് ട്വീറ്റിനൊപ്പമുള്ള ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്.