ദോഹ: ലോകകപ്പിനായുള്ള രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് നാളെ ഉച്ചയോടെ അവസാനിക്കും. ലോകകപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ അഞ്ചിന് തുടങ്ങിയ ടിക്കറ്റ് ബുക്കിങ്ങാണ് 28ന് ഉച്ച ഖത്തര്‍ സമയം 12 മണിയോടെ അവസാനിക്കുന്നത്. ഫിഫ വെബ്‌സൈറ്റ് (FIFA.com/tickets) ലിങ്ക് വഴിയാണ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. മെയ് 31ഓടെ റാന്‍ഡം നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഇ-മെയില്‍ വഴിയോ, ഫിഫ പേജിലെ പ്രൊഫൈല്‍ പരിശോധിച്ചോ ടിക്കറ്റ് ലഭ്യമാവുന്ന വിവരം അറിയാവുന്നതാണ്. അതിനനുസരിച്ച് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കുന്നതാണ് രീതി. കഴിഞ്ഞ ജനുവരി-ഫെബ്രുവരിയിലായി നടന്ന ഒന്നാം ഘട്ട ടിക്കറ്റ് വില്‍പനയുടെ തുടര്‍ച്ചയാണ് ഏപ്രില്‍ അഞ്ചിന് ആരംഭിച്ചത്.
ഒന്നാം ഘട്ടത്തില്‍ 8.04 ലക്ഷം ടിക്കറ്റുകളാണ് ആരാധകര്‍ക്കായി വിറ്റത്. രണ്ടാം ഘട്ടത്തില്‍ 10 ലക്ഷം ടിക്കറ്റുകള്‍ ലഭ്യമാവും. ഇന്‍ഡിവിജ്വല്‍ മാച്ച് ടിക്കറ്റ്, സപ്പോര്‍ട്ടര്‍ ടിക്കറ്റ്, കണ്ടീഷനല്‍ സപ്പോര്‍ട്ടര്‍ ടിക്കറ്റ്‌സ്, ഫോര്‍ സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നീ നാല് വിഭാഗങ്ങളില്‍ ആരാധകര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം. ടിക്കറ്റ് ലഭ്യമായി കഴിഞ്ഞാല്‍, ഹയ്യാ കാര്‍ഡിനും (ഫാന്‍ ഐ.ഡി) താമസത്തിനും ബുക്ക് ചെയ്യുന്നതോടെയാണ് ടിക്കറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവു. ഖത്തര്‍ റസിഡന്റ് ആണെങ്കില്‍ താമസ മേല്‍വിലാസം നല്‍കി ഹയ്യാകാര്‍ഡ് സ്വന്തമാക്കാം. മത്സരങ്ങള്‍ കാണാന്‍ ഏറ്റവും സൗകര്യപ്രദമായ ടിക്കറ്റിങ് രീതിയാണ് വ്യക്തിഗത മാച്ച് ടിക്കറ്റുകള്‍.
ഇഷ്ടമുള്ള മാച്ച് നോക്കി ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാം. ലോകകപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയായി മത്സര ഫിക്‌സ്ചര്‍ തയാറായ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, പോര്‍ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകളുടെ കളി കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാച്ച് നമ്ബര്‍ നോക്കി ടിക്കറ്റുകള്‍ ഉറപ്പിക്കാന്‍ കഴിയും. സപ്പോര്‍ട്ടര്‍ ടിക്കറ്റും, കണ്ടീഷനല്‍ സപ്പോര്‍ട്ടര്‍ ടിക്കറ്റും വഴി ആരാധകര്‍ക്ക് അവര്‍ പിന്തുണക്കുന്ന ടീമിന്റെ മത്സരങ്ങള്‍ നോക്കിയും ബുക്ക് ചെയ്യാം. കളിക്കൊപ്പം ലോകകപ്പിന്റെ പരമാവധി വേദികളും ആസ്വദിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കുള്ള മികച്ച പാക്കേജാണ് ഫോര്‍ സ്റ്റേഡിയം സീരീസ്. ഒരു ടിക്കറ്റില്‍ തുടര്‍ച്ചയായി നാലു ദിവസങ്ങളില്‍ നാല് സ്റ്റേഡിയങ്ങളില്‍ കളി കാണാനുള്ള സൗകര്യമാണ് ആരാധകര്‍ക്ക് ഒരുക്കുന്നത്

