മോദി മാജിക്ക് പഠിക്കാനാണോ പിണറായി ഉദ്യോഗസ്ഥരെ ഗുജറാത്തിലേക്കയച്ചത്?: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ച പിണറായി വിജയനെതിരെ മുന്‍ മന്ത്രിയും ആര്‍.എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ രഗത്ത്. എല്ലാ കാര്യങ്ങള്‍ക്കും മോദിയെ മാതൃകയാക്കുന്ന കേരള മുഖ്യമന്ത്രി ഇല്ലാത്ത വികസനങ്ങള്‍ പ്രചരിപ്പിക്കുന്ന മോദി മാജിക്ക് പഠിക്കാനാണോ ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നതെന്ന് സംശയിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

2013ല്‍ ഞാന്‍ തൊഴില്‍ മന്ത്രിയായിരുന്ന കാലത്ത് ഓട്ടോണമസ് ബോഡിയായ ഗുജറാത്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കുകയുണ്ടായി. മികച്ച സ്‌കില്‍ ഡെവലപ്പ്‌മെന്റിനുള്ള കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം ഗുജറാത്ത് സംസ്ഥാനത്തിന് ലഭിച്ച സാഹചര്യമായിരുന്നു അത്. അവിടെയുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് പദ്ധതികള്‍ കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് മനസിലാക്കുന്നതിന് വൈകുന്നേരം ഫ്‌ലൈറ്റിന് മുമ്ബായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 10 മിനിറ്റ് നേരം മാത്രമുണ്ടായിരുന്ന ഔദ്യോഗിക ചര്‍ച്ച കൊണ്ടുതന്നെ ആ പദ്ധതികള്‍ ഫലപ്രദമല്ലെന്നും കേരളത്തിന്റെ സാഹചര്യത്തില്‍ അത് പ്രയോജനപ്പെടില്ലെന്നും മനസിലാക്കാന്‍ സാധിച്ചു. ആ ഔദ്യോഗിക കൂടിക്കാഴ്ച്ചയുടെ പേരില്‍ അന്നത്തെ പ്രതിപക്ഷം ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഞാനിപ്പോള്‍ ഓര്‍ത്തുപോകുകയാണ്.

ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് മറ്റൊരു സംസ്ഥാനത്തില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഞാന്‍ മോദിയെ കണ്ടതെന്നുമൊക്കെയായായിരുന്നു ഇന്നത്തെ CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്ന് ഉന്നയിച്ച ആരോപണങ്ങള്‍. ഞാന്‍ രാജിവയ്ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ഓരോ ഇലക്ഷന്‍ വരുമ്‌ബോഴും ആ ചിത്രവും ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണിയുടെ പ്രചരണങ്ങള്‍.

ഇന്നിപ്പോള്‍ ഗുജറാത്തിലെ വികസന മാതൃക പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും ഉന്നത ഉദ്യോഗസ്ഥരും ഗുജറാത്തിലേക്ക് പോകുമ്‌ബോള്‍ കോടിയേരിക്ക് എന്താണ് പറയാനുള്ളത്? പിണറായി രാജി വയ്ക്കണമെന്ന് പറയാന്‍ കോടിയേരിക്ക് ധൈര്യമുണ്ടോ? ഇപ്പോള്‍ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഠിക്കേണ്ടതുണ്ടോ?

ഗുജറാത്ത് മാതൃക എന്ന കൊട്ടിഘോഷിക്കപ്പെട്ട വികസന പ്രചരണങ്ങള്‍ വെള്ളത്തില്‍ വരച്ച വരകളായിരുന്നുവെന്നതും തമ്ബാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് പോലും ഗുജറാത്തിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നതുമൊക്കെ രാജ്യം തിരിച്ചറിഞ്ഞ വസ്തുതകളാണ്. എന്നിട്ടും ഗുജറാത്ത് വികസനമെന്ന വ്യാജമാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ മുഖ്യമന്ത്രി ഗുജറാത്തിലേക്ക് അയക്കുമ്‌ബോള്‍ എവിടെ എത്തിനില്‍ക്കുന്നു നമ്മുടെ കേരളം എന്നാണ് ചിന്തിക്കേണ്ടത്.

മോദിക്ക് പ്രധാനമന്ത്രിയാകാന്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ പുകമറയായിരുന്നു ഗുജറാത്ത് വികസന മാതൃക. മോദി പ്രധാനമന്ത്രിയായതോടെ ബിജെപിക്കാര്‍ പോലും ആ വാദം ഉപേക്ഷിച്ചു. എന്നിട്ടും ഗുജറാത്ത് വികസന പറുദീസയാണെന്ന മിഥ്യാധാരണയില്‍ വികസനം പഠിക്കാന്‍ ഉദ്യോഗസ്ഥരെ അയക്കുന്ന കേരളമുഖ്യന്റെ ലക്ഷ്യമെന്താണ്? എല്ലാ കാര്യങ്ങള്‍ക്കും മോദിയെ മാതൃകയാക്കുന്ന കേരള മുഖ്യമന്ത്രി ഇല്ലാത്ത വികസനങ്ങള്‍ പ്രചരിപ്പിക്കുന്ന മോദി മാജിക്ക് പഠിക്കാനാണോ ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.