ഗുജറാത്ത് മോഡല്‍: സര്‍ക്കാര്‍ തീരുമാനം മാതൃകാപരമെന്ന് അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ വികസനം മാതൃകയാക്കാന്‍ കേരള ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനത്തെ ‘സിപിഎമ്മിന്റെ വൈകി വന്ന വിവേകമെന്നു പറഞ്ഞ് അവഹേളിക്കുന്നില്ലെന്നും, തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റും ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ.പി അബ്ദുള്ളക്കുട്ടി മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.

‘ചീഫ് സെക്രട്ടറിക്കും സംഘത്തിനും യാത്രാ മംഗളം നേരുന്നു. പിണറായി സര്‍ക്കാരിനോടു പല വിയോജിപ്പുകളുമുള്ളയാളാണു ഞാന്‍. എന്നാല്‍, ഈ തീരുമാനം മാതൃകാപരമാണ്. ഗുജറാത്തിലെ വികസനം കാണാന്‍ പറഞ്ഞതിന് എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിട്ട് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞു. അന്നു ക്രൂശിച്ചവരോടെല്ലാം പണ്ടേ പൊറുത്തതാണ്. സിപിഎം നല്ല കാര്യങ്ങള്‍ വൈകിത്തോന്നുന്നവരാണ്. വികസനത്തിലും വിശ്വാസത്തിലും സിപിഎം നിലപാട് മാറ്റണമെന്നായിരുന്നു അന്നു ഞാന്‍ വിമര്‍ശിച്ചത്. വൈകിയാണെങ്കിലും രണ്ടുകാര്യത്തിലും സിപിഎം ഒരുപാട് മാറി’- അദ്ദേഹം പറഞ്ഞു.

രണ്ടാം വട്ടം എംപിയായിരിക്കെയാണ് ഗുജറാത്ത് മാതൃകയെ അബ്ദുള്ളക്കുട്ടി പുകഴ്ത്തിയത്. നരേന്ദ്രമോദിയായിരുന്നു അന്നു ഗുജറാത്ത് മുഖ്യമന്ത്രി. ഗുജറാത്തിനെ നിക്ഷേപ സൗഹൃദമാക്കാന്‍ മോദി ചെയ്യുന്നതു വിദേശരാജ്യങ്ങളിലെ നിക്ഷേപകരില്‍പോലും മതിപ്പുണ്ടാക്കിയെന്നും, അവിടെ ഹര്‍ത്താല്‍ നടത്തി നിക്ഷേപകരെ അകറ്റാറില്ലെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന.