മീടൂ ആരോപണങ്ങള്‍ വര്‍ധിക്കുന്നു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍

സിനിമാ മേഖലയില്‍ മീടൂ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. അടുത്ത മാസം നാലിനാണ് യോഗം ചേരുക. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം. എംഎംഎംഎ, ഫെഫ്ക ഉള്‍പ്പെടെ സിനിമാ മേഖലയിലെ എല്ലാ പ്രധാന സംഘടനകള്‍ക്കും യോഗത്തില്‍ ക്ഷണമുണ്ട്.

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാനാണ് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

അതേസമയം, സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും ഇതിന്റെ കരട് തയ്യാറായതായും മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.