തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് തിരക്കുകൂടുന്ന നഗരത്തിലും പരിസരപ്രദേശങ്ങളിലും 5000 പോലീസുകാരെ പൂര നാളുകളില്‍ വിന്യസിക്കാന്‍ പോലീസ് ഉന്നതതലയോഗത്തില്‍ തീരുമാനമായി.
പൂര നാളുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ ഏതാണ്ട് 10 ലക്ഷം പേരാണ് പൂരനഗരിയിലെത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പൂരം നടക്കുമ്പോള്‍ 40 ശതമാനം അധികം ആളുകള്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്താണ് പോലീസ് വന്‍ സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കുന്നത്.
പൂരനാളുകളില്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. തൃശൂര്‍ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും പോലീസ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

