കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമ്മാണം; രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമ്മാണം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ എസ് മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) തുടങ്ങിയവരെയാണ് തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

അരശുമുട്ടിലെ അസിമിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് തോക്ക് നിർമാണം കണ്ടെത്തിയത്. മേഖലയിൽ തോക്ക് നിർമ്മാണം നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് തോക്ക് നിർമ്മാണം കണ്ടെത്തിയത്.

ഗൺ പൗഡർ, 9 എംഎം പിസ്റ്റൾ, പഴയ റിവോൾവർ, 7.62 എംഎംഎസ്എൽആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. വ്യാവസായിക അടിസ്ഥാനത്തിലായിരുന്നോ നിർമാണം എന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയൂവെന്നും പോലീസ് വ്യക്തമാക്കി.