കൊച്ചി: കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കെഎസ്ഇബിയുടെ പ്രവർത്തനം തടസപ്പെടുന്ന ഘട്ടം ഉണ്ടാവുകയാണെങ്കിൽ ബോർഡിന് എസ്മ ഉപയോഗിക്കാമെന്ന് കോടതി അറിയിച്ചു. സമരം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷനാണ് സമരം നടത്തിയത്. കെഎസ്ഇബി ചെയർമാന്റെയും മാനേജ്‌മെന്റിന്റെയും പ്രതികാര നടപടികൾക്കെതിരെയാണ് സമരം. വൈദ്യുതി ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം താത്ക്കാലികമായി നിർത്തിയിരുന്നു.
അതേസമയം, കെഎസ്ഇബി ഓഫീസർമാരുടെ സമരത്തിൽ ഇടപെടാനില്ലെന്നായിരുന്നു കേസ് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ കേരള ഹൈക്കോടതി അറിയിച്ചിരുന്നത്. വൈദ്യുതി വിതരണം അവശ്യ സേവന മേഖലയിൽ വരുന്നതാണെന്നും സമരം വിലക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്.

