തന്റെ മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ല; വിവാദങ്ങളിൽ പ്രതികരണവുമായി എസ് ശ്രീജിത്ത്

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നുള്ള തന്റെ മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എസ് ശ്രീജിത്ത്. ട്രാൻസ്‌പോർട് കമ്മീഷണറായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം വാദങ്ങൾ ഉയർത്തി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനിപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഉത്തരവാദിത്വമുള്ള ജോലിയാണ്. തന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ സംഘത്തെ തീരുമാനിച്ചതും സർക്കാരാണ്. ബാഹ്യപ്രേരണ ഉണ്ടോയെന്ന സംശയം ബലിശമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ബാഹ്യ പ്രേരണ ഉണ്ടായിരുന്നെങ്കിൽ ഇത്രത്തോളം അന്വേഷണം നടക്കുമോയെന്നും താൻ അന്വേഷണത്തിന്റെ മുഖം മാത്രമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പോലീസിൽ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ല. കേസന്വേഷണം തുടർച്ചയായ കാര്യമാണ്. ഒരുപാട് പേർ പോലീസ് സേനയിൽ ഉണ്ട്. അന്വേഷണ സംഘത്തിന് ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ മാറിയെന്ന് വിചാരിച്ചു അന്വേഷണത്തെ ബാധിക്കില്ല. തന്നെക്കാൾ മിടുക്കനാണ് നിലവിലെ മേധാവി. താൻ മാത്രമായി ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്. രണ്ട് കേസിലും ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്നും ഇത്രത്തോളം മാനം തന്റെ സ്ഥാനമാറ്റത്തിന് കൊടുക്കേണ്ട കാര്യമില്ലെന്നും എസ് ശ്രീജിത്ത് കൂട്ടിച്ചേർത്തു.