കൊച്ചി: ശബരിമല കർമ്മ സമിതിയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയതിനെക്കുറിച്ചു തുറന്നു പറഞ്ഞ് നടൻ സന്തോഷ് പണ്ഡിറ്റ്. എം ജി ശ്രികുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കവെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
യുവതി പ്രവേശത്തിനെതിരെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിനിടെ, കർമ്മസമിതി പ്രവർത്തകരെയും പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ കേസുകളിലായി ജയിലിൽ കിടക്കുന്നവരെ പുറത്തിറക്കാൻ സംഭാവന ആവശ്യപ്പെട്ട് കർമ്മ സമിതി അധ്യക്ഷ കെ പി ശശികല രംഗത്തെത്തിയിരുന്നു. ശതംസമർപ്പയാമി എന്ന പേരിൽ നടത്തിയ ഈ പദ്ധതിയിൽ സംഭാവന നൽകിയതിന് ഭീഷണി നേരിട്ടുവെന്നു പണ്ഡിറ്റ് പറഞ്ഞു.
തന്റെ വിശ്വാസമാണ് തനിക്ക് വലുത്. താൻ ഇപ്പോഴും പറയുന്നു, കോടതി എന്താണ് പറയുന്നത് പോലെ ചെയ്യാം. ഇനി എന്നെ ഒരുത്തനെങ്കിലും ഭീഷണിപ്പെടുത്തിയാൽ ഞാൻ രണ്ട് ലക്ഷം കൂടി കൊടുക്കുമെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങൾ നടക്കുന്നതിനിടെയാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. വലിയ പ്രതിഷേധ സമരങ്ങൾ നടക്കുമ്പോൾ ഒരു സാമ്പത്തികം ആവശ്യമായിരിക്കുമല്ലോ. അന്ന് ആരും ഇതിനെ കുറിച്ച് ഒന്നും പറയുന്നത് ഞാൻ കേട്ടില്ല. ഞാൻ അത് വിട്ടു. അപ്പോഴാണ് ഈ ശതംസമർപ്പയാമിയുടെ ഒരു രൂപയുടെ കേസ് വരുന്നത്. ട്രോളും പുറത്തിറങ്ങിയതോടെ ആരും ഇവർക്ക് പൈസ കൊടുക്കില്ലെന്ന് വന്നു. 100 രൂപയ്ക്ക് വേണ്ടി ചോദിച്ചപ്പോൾ പലരും ഇവരെ ട്രോളിയത് കണ്ടു. അപ്പോഴാണ് ഞാൻ ഒരു ലക്ഷം രൂപയെടുത്ത് ബാങ്കിലേക്ക് പോയി. 50000 രൂപ എഴുതാൻ ഇരുന്ന ഞാൻ ഒരു പഞ്ചിന് 51000 ഇരിക്കട്ടെ എന്ന് കരുതി. ആ തുക ബാങ്കിലിട്ടു.
പിന്നാലെ, ഫേസ്ബുക്കിലൂടെ ഇത് ഞാൻ പറഞ്ഞു, ശതംസമർപ്പയാമി എന്ന് പറഞ്ഞ സംഭവമുണ്ട്, ഞാൻ 51000 രൂപ കൊടുത്തു, ഇതിന് പിന്നാലെ വലിയ ചർച്ചകളാണ് നടന്നത്. ഒരു വിഭാഗം ആൾക്കാർ പറയുന്നു, സന്തോഷേട്ടൻ ചെയ്യുന്നത് ശരിയാണ്, മറ്റുള്ളവർ പറയുന്നു അത് തെറ്റാണെന്ന്. ഇവൻ ബോധപൂർവം 51 വെട്ടിന് വേണ്ടി 51000 ആക്കി എന്നൊക്കെയാണ് മറ്റു ചിലർ പറഞ്ഞത്. ഇതൊക്കെ കേട്ടപ്പോഴേക്കും എനിക്ക് തലകറക്കം വരാൻ തുടങ്ങി. ഇവൻ സംഘിയാണ്..അതാണ്..ഇതാണ് എന്നൊക്കെ പലരും പറഞ്ഞു എനിക്ക് ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥയായി.
പരിചയമുള്ളവർ പോലും നീ എങ്ങനെയാണ് കൊടുക്കുക എന്നൊക്കെ ചോദിച്ചു. അവരോട് ഞാൻ പറഞ്ഞു, ഈ അക്കൗണ്ടിൽ കൊടുക്കാൻ പാടില്ലെന്ന നിയമം ഇല്ലല്ലോ. എനിക്ക് ശരിയാണെന്ന് തോന്നി ഞാൻ കൊടുത്തു. ഭീഷണി കൂടിയ സമയത്ത് ബാങ്കിലേക്ക് പോയി ഒരു ലക്ഷം രൂപ കൂടി ഇവരുടെ അക്കൗണ്ടിലേക്കിട്ടു. എന്നിട്ട് ഞാൻ പുതിയ വീഡിയോ ഇട്ടു, വിമർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക് തല്ലും കൊല്ലും വെടിവച്ച് കൊല്ലും എന്നൊക്കെ ചിലർ പറയുന്നു, എന്റെ വിശ്വാസമാണ് എനിക്ക് വലുത്. ഞാൻ ഇപ്പോഴും പറയുന്നു, കോടതി എന്താണ് പറയുന്നത് പോലെ ചെയ്യാം. ഇനി എന്നെ ഒരുത്തനെങ്കിലും ഭീഷണിപ്പെടുത്തിയാൽ ഞാൻ രണ്ട് ലക്ഷം കൂടി കൊടുക്കും.

