സെമിനാറില്‍ പങ്കെടുക്കുന്നത് ഗതാഗത വകുപ്പ് സെക്രട്ടറിയായി; കെഎസ്ആര്‍ടിസി ഫണ്ടല്ലെന്നും ബിജു പ്രഭാകര്‍

തിരുവനന്തപുരം: ആംസ്റ്റര്‍ഡാമിലെ സെമിനാറില്‍ പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിലാണെന്നും ഫണ്ട് ചെലവാക്കുന്നത് കെ എസ് ആര്‍ ടി സിയല്ലെന്നും വ്യക്തമാക്കി കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ രംഗത്ത്. നഗരകാര്യ സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും നിലവില്‍ താന്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് 11, 12 തിയതികളില്‍ നടക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സായ ക്ലീന്‍ ബസ്സ് ഇന്‍ യൂറോപ്പില്‍ പങ്കെടുക്കാനാണ് ബിജു പ്രഭാകറിന് അനുമതി ലഭിച്ചതോടെ വിവാദമായിരുന്നു. സാധാരണ ഡെലിഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ്. പ്രത്യേക ക്ഷണമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഡിസ്‌കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നല്‍കിയാല്‍ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോള്‍ ഗതാഗത/നഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ബിജു പ്രഭാകറിന് അനുവാദം നല്‍കിയത്.

ഇലക്ട്രിക് ബസിന് പുറമെ, സിഎന്‍ജി, എല്‍എന്‍ജി ബസുകള്‍ക്കും, കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത് പോലെ ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളിലേക്ക് എങ്ങനെ മാറാം എന്ന കാര്യങ്ങളെക്കുറിച്ചും സംസ്ഥാന ഗതാഗത വകുപ്പ് പഠനം നടത്തുന്ന സമയത്താണ് ഇത്തരത്തിലൊരു കോണ്‍ഫറന്‍സ് നടക്കുന്നത്. ഒരു ബസ് വാങ്ങുന്നതിന് മുന്‍പ് ഇതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിന്റെ ടെക്‌നോ, എക്‌ണോമിക് പ്രായോഗികത മനസിലാക്കുന്നതിന് ഇത്തരത്തിലുള്ള രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ ഗുണം ചെയ്യുമെന്നും ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. ബയോ ഗ്യാസ്, ബയോ ഡീസല്‍, എല്‍പിജി, എല്‍എന്‍ജി, ഗ്യാസ് ലിക്വിഡ്, ഹൈഡ്രോ ട്രീറ്റഡ് വെജിറ്റബില്‍ ഓയില്‍, ബയോ മാസ്റ്റിഡ് ലിക്വിഡ്, ബയോ എത്തനോല്‍, ഹൈഡ്രജന്‍, സിഎന്‍ജി, ഇലക്ട്രിക് തുടങ്ങിയ വിവിധ തരത്തിലുള്ള സമാന്തരമായ ഇന്ധനങ്ങള്‍, ബസുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെ കുറിച്ച് മനസിലാക്കാനുള്ള ചര്‍ച്ചയും കോണ്‍ഫറന്‍സില്‍ നടക്കും.

കേരളത്തിന് പുറമെ ഇന്ത്യയില്‍ നിന്നും അഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗതാഗത വകുപ്പിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയുടെ പണം എടുത്താണ് സിഎംഡി വിദേശത്ത് പോകുന്നതെന്ന പ്രചാരണം ഉണ്ട്. ഈ സാഹചര്യത്തിലാണ് വസ്തുതകള്‍ വിശദീകരിച്ച് പ്രസ്താവന പുറത്തിറക്കുന്നതെന്നും ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കി.