ഹൂതി വിമതരുടെ തടവിലായിരുന്നവരുടെ മോചനം; നിർണായകമായി ഒമാന്റെ ഇടപെടൽ

മസ്‌കത്ത്: യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ തടവിൽ നിന്ന് 14 പേരെ മോചിപ്പിക്കുന്നതിൽ നിർണായകമായത് ഒമാന്റെ ഇടപെടൽ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം, യെമൻ തലസ്ഥാനമായ സൻആയിലെ അധികൃതരുമായി ഒമാൻ വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. സൻആയിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതോടെ സൗദി അറേബ്യയുമായി ബന്ധപ്പെട്ട ശേഷം ആവശ്യമായ രേഖകൾ ശരിയാക്കിയ ശേഷമാണ് 14 പേരെയും മോചിപ്പിച്ചത്.

ഞായറാഴ്ച മോചിതരാക്കപ്പെട്ടവരിൽ ഏഴ് പേരും ഇന്ത്യക്കാരാണ്. ഇവരിൽ മൂന്നു പേർ മലയാളികളാണ്. ബ്രിട്ടൻ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മ്യാന്മാർ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മോചിപ്പിക്കപ്പെട്ടു. ഇന്ത്യൻ സർക്കാറിന്റെയും ബ്രിട്ടൺ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലെ ഭരണകൂടങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് ഒമാൻ വിഷയത്തിൽ ഇടപെട്ടത്. മോചിതരാക്കപ്പെട്ടവരെ ഒമാൻ റോയൽ എയർ ഫോഴ്‌സിന്റെ വിമാനത്തിൽ സൻആയിൽ നിന്ന് മസ്‌കത്തിലെത്തിച്ചിട്ടുണ്ട്.