കൊച്ചി: ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരമെന്ന് ബാർ കൗൺസിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ബാർ കൗൺസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടായത്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
ഹൈക്കോടതി അഭിഭാഷകൻ സേതുനാഥ് ക്രൈംബ്രാഞ്ചിനെതിരെ നൽകിയ പരാതിയിലാണ് വിഷയം ചർച്ച ചെയ്യുന്നതിനായി ബാർ കൗൺസിൽ യോഗം ചേർന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷനാണെന്നും അതു മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.
പ്രിവിലേജ്ഡ് കമ്യൂണിക്കേഷൻ പുറത്തുവിടാൻ കോടതിക്കു പോലും നിർദേശിക്കാനാകില്ലെന്നാണ് പരാതിയിൽ പറയുന്നത്. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ബാർ കൗൺസിൽ നിയമ നടപടി സ്വീകരിക്കണമെന്നും സേതുനാഥ് ആവശ്യപ്പെടുന്നു.

