തിരുവനന്തപുരം: കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകണമെന്നാണ് ജനങ്ങൾ ആഗഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുൻനിർത്തിയാണ് നിരവധി പദ്ധതികൾ സർക്കാർ ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം ഗതാഗതക്കുരിക്കാണ്. ദേശീയ പാത വികസനം പൂർത്തിയാകുന്നതോടെ ഇതിന് വലിയ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ ഇതുപോര എന്ന് കണ്ടാണ് സർക്കാർ കെ റെയിൽ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതി യാഥാർത്ഥ്യമാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമ്പോൾ യുഡിഎഫും ബിജെപിയും എതിർക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ ഉള്ളപ്പോഴാണ് ഹൈസ്പീഡ് റെയിൽ കൊണ്ടുവന്നത്. അന്ന് പ്രതിപക്ഷം അത് അംഗീകരിച്ചു. ഭരിക്കുന്നത് ആരാണെന്ന് നോക്കിയല്ല വികസന പ്രവർത്തനത്തിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ ഭരിക്കുന്നത് ആരാണെന്ന് നോക്കിയാണ് ബിജെപിയും യുഡിഎഫും നിലപാട് സ്വീകരിക്കുന്നത്. എൽഡിഎഫാണോ ഭരിക്കുന്നത് എന്നാൽ ഒരു വികസനവും വേണ്ട എന്നാണ് അവർ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു കാര്യം പറഞ്ഞാൽ ചെയ്യും എന്ന വിശ്വാസം ജനങ്ങൾക്കും കേന്ദ്ര സർക്കാറിനുമുണ്ട്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാറിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് പ്രധാനമന്ത്രിക്ക് പറയേണ്ടിവന്നു. ഇങ്ങനെ ഓരോ പദ്ധതികളും എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങിയിരുന്നെങ്കിൽ ഈ പദ്ധതികളൊന്നും വരുമായിന്നില്ല. അതുകൊണ്ട് എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്നും കോടിയേരി അറിയിച്ചു.

