ന്യൂഡൽഹി: അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി ആവിഷ്‌ക്കരിച്ച് കേന്ദ്ര സർക്കാർ. അപകടത്തിൽപ്പെട്ടവരെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. ആശുപത്രിയിൽ നിന്ന് ഉൾപ്പെടെ വിശദാംശങ്ങൾ ശേഖരിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷമായിരിക്കും പാരിതോഷികം വിതരണം ചെയ്യുന്നത്.
ഗുരുതരമായ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. അപകടത്തിൽപ്പെടുന്നയാളെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാൻ സഹായിക്കുന്നവരാണ് പാരിതോഷികത്തിന് അർഹരാകുന്നത്. ഇതിനായി സംസ്ഥാന പൊലീസ് മേധാവി പ്രത്യേക മാർഗനിർദ്ദേശവും പുറത്തിറക്കി.
ഇത്തരം സംഭവം ശ്രദ്ധയിൽപ്പെടുമ്പോൾ ആശുപത്രിയുമായി ബന്ധപ്പെട്ട് പൊലീസ് വിശദാംശങ്ങൾ ശേഖരിക്കണം. കേന്ദ്ര റോഡ്-ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം അനുസരിച്ച് സഹായിച്ചയാൾക്ക് പാരിതോഷികം ലഭിക്കുന്നതിനുള്ള അർഹതയുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം ജില്ലാതല അപ്രൈസൽ കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടറെ അറിയിക്കും. ഇതിന്റെ പകർപ്പ് രക്ഷപ്പെടുത്തിയ ആൾക്ക് നൽകുകയും ചെയ്യും.
ജില്ലാതല അപ്രൈസൽ കമ്മിറ്റി ഇത്തരം ശുപാർശകൾ എല്ലാമാസവും പരിശോധിക്കുകയും അർഹരെന്ന് തോന്നുന്നവരുടെ പട്ടിക ഗതാഗത കമ്മീഷണർക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഗതാഗത കമ്മീഷണറാണ് അർഹരായവർക്ക് പാരിതോഷികം നൽകുക. പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണ സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സമിതിയുടെ അദ്ധ്യക്ഷൻ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ. ഗതാഗത കമ്മീഷണറാണ് സമിതിയിലെ മെമ്പർ സെക്രട്ടറി. ഈ സമിതി മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് ഏറ്റവും മികച്ച രീതിയിൽ രക്ഷാപ്രവർത്തനം കാഴ്ചവെച്ച മൂന്നുപേരെ തിരഞ്ഞെടുത്ത് ദേശീയ പുരസ്‌കാരത്തിനായി കേന്ദ്ര സർക്കാരിന് നാമനിർദ്ദേശം ചെയ്യുന്നതാണ്.

