തിരുവനന്തപുരം: സംസ്ഥാനത്ത് സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിച്ചാണെന്നും, അതിനാല്‍ ഇത്തരത്തില്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് രംഗത്ത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞകൊല്ലം മാത്രം 41 പേര്‍ക്കാണ് ലോഹ തോട്ടി ഉപയോഗിക്കുമ്പോള്‍ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റതെന്നും കെഎസ്ഇബി അറിയിച്ചു. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അപകടമുണ്ടായവരില്‍ 21 പേരും തല്‍ക്ഷണം മരണമടയുകയും 20 പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ഇക്കൊല്ലം ഇതുവരെ 7 പേരാണ് മരണമടഞ്ഞത്. ഈ വര്‍ഷം ഇതുവരെ 2 പേര്‍ക്ക് പൊള്ളലേറ്റു.
ലോഹനിര്‍മ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോള്‍ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

