കൃത്രിമമായുള്ള മധുര വസ്തുക്കൾ അർബുദത്തിന് കാരണമാകുമെന്ന ഞെട്ടിക്കുന്ന പഠനം പുറത്തുവിട്ട് ഗവേഷകർ. കൃത്രിമ മധുരത്തിന്റെ അമിതമായ ഉപയോഗം ചിലതരം അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം വസ്തുക്കളുടെ ഉപയോഗം സ്തനാർബുദം, വയറിലെ അർബുദം തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒരു ലക്ഷത്തിലധികം പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അസ്പാർടേം എന്ന കൃത്രിമ മധുരം ശരീരത്തിലെത്തി ദഹിക്കുമ്പോൾ അർബുദത്തിന് കാരണമാകുന്ന ഹോർമാൽഡിഹൈഡായി മാറുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
ഇങ്ങനെ രൂപപ്പെടുന്ന ഹോർമാൽഡിഹൈഡ് കോശങ്ങളിൽ അടിഞ്ഞ് അവയെ അർബുദ കോശങ്ങളാക്കി മാറ്റും. അർബുദകോശങ്ങളായി മാറിയാൽ സ്വയം നശിപ്പിക്കാൻ മനുഷ്യശരീരത്തിലെ കോശങ്ങൾക്ക് പ്രാപ്തിയുണ്ട് . പക്ഷേ കോശങ്ങൾക്ക് ഈ നിർദേശം നൽകുന്ന ജീനുകളെ അസ്പാർടേം നിർവീര്യമാക്കും. പഞ്ചസാരയ്ക്ക് പകരമായി പാനീയങ്ങളിൽ ഉപയോഗിക്കുന്ന അസ്പാർടേം ശരീരത്തിന് ഏറ്റവും അപകടകരമായ നിലയിലാണ് പ്രവർത്തിക്കുക. ബിസ്‌ക്കറ്റിലും കേക്കിലും ചായയിലും ഉൾപ്പെടെ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസ്പാർടേം ആരോഗ്യം ക്ഷയിക്കുന്നതിനും അമിത ഭാരമുണ്ടാക്കുന്നതിനും കാരണമാകും. ശരീരത്തിന് ഉപകാരമുള്ള ഗട്ട് ബാക്ടീരിയകളെയും കൃത്രിമ മധുരപദാർഥങ്ങൾ നശിപ്പിക്കാമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

