തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ, സര്‍ക്കാരിനോ ഉടമസ്ഥാവകശമില്ലാത്ത ഒരു തുണ്ടു ഭൂമി പോലും വെറുതേ കിടക്കരുത് എന്ന ലക്ഷ്യവുമായി പുതിയ നിയമനിര്‍മ്മാണത്തിനൊരുങ്ങി റവന്യൂ വകുപ്പ്. ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാവുമ്പോള്‍ രേഖകളില്‍ ഉള്ളതിനേക്കാള്‍ സ്ഥലം കൈവശമുള്ള വ്യക്തികള്‍ക്ക്, മറ്റാരും അവകാശം ഉന്നയിച്ചില്ലെങ്കില്‍ നിബന്ധനകള്‍ക്കു വിധേയമായി പോക്കുവരവു ചെയ്യിച്ച് സ്വന്തമാക്കാനുള്ള നിയമം കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ആലോചിക്കുന്നത്. ക്രമപ്പെടുത്തല്‍ ഫീസായി സര്‍ക്കാരിന് വലിയൊരു വരുമാനവും കിട്ടും.
കേരളത്തില്‍ 200 വില്ലേജുകളില്‍ മേയില്‍ തുടങ്ങുന്ന ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാവുമ്പോഴേക്കും നിയമ നിര്‍മ്മാണം നടത്താനാണ് ഒരുക്കം. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കരട് തയ്യാറാക്കി ഭരണവകുപ്പിനും നിയമ വകുപ്പിനും കൈമാറും. ശേഷം മന്ത്രിസഭ തീരുമാനമെടുത്ത് നിയമസഭയ്ക്ക് വിടുകയും ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സായി പരിഗണിക്കുകയും ചെയ്യും. 1991ലെ സര്‍ക്കുലര്‍ പ്രകാരം സര്‍വ്വേയില്‍ കൂടുതല്‍ സ്ഥലം കണ്ടെത്തിയാല്‍ അതിനും കരം ഒടുക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, റീസര്‍വ്വേയ്ക്കു ശേഷം വിസ്തീര്‍ണ്ണം കൂടുതല്‍ വരുന്ന കേസുകളില്‍ ആകെ സ്ഥലത്തിന്റെ അഞ്ചു ശതമാനം വരെയുള്ള വര്‍ദ്ധന അനുവദിക്കാന്‍ തഹസീല്‍ദാര്‍ക്കും അഞ്ചു ശതമാനത്തിന് മുകളില്‍ ജില്ലാ കളക്ടര്‍ക്കും അനുമതി നല്‍കി 2020 സെപ്തംബര്‍ 15ന് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ 21ന് ഇത് റദ്ദാക്കുകയും പുതിയ ഉത്തരവിറക്കുകയുമായിരുന്നു.
ക്രമപ്പെടുത്താന്‍
അധികമായി കൈവശമുള്ളത് സര്‍ക്കാര്‍ ഭൂമി ആവരുത്
മറ്റാരെങ്കിലും അവകാശം ഉന്നയിച്ചാല്‍ തീരുമാനം കോടതിക്ക്
അടിസ്ഥാന വില അനുസരിച്ച് ഫീസ് ഈടാക്കും
പോക്കുവരവ് വ്യവസ്ഥ
രേഖയില്‍ 10 സെന്റുള്ള വസ്തുവിന് റീസര്‍വ്വേയില്‍ 12 സെന്റ് കണ്ടെത്തിയാല്‍ അത്രയും ഭൂമിയുടെ അവകാശം സംബന്ധിച്ച അപേക്ഷ നല്‍കി ക്രമപ്പെടുത്തണം. തുടര്‍ന്ന് ഇതിനും കരം അടയ്ക്കണം.
വിസ്തീര്‍ണ്ണത്തില്‍ കുറവ് കണ്ടെത്തിയാല്‍, കൈവശമുള്ള ഭൂമിക്ക് (ഉദാഹരണത്തിന് 10 സെന്റില്‍ എട്ടേ ഉള്ളൂവെങ്കില്‍) അത്രയും ഭൂമിക്കുമാത്രം കരമൊടുക്കുന്നുവെന്ന് ഉടമ സമ്മതപത്രം നല്‍കണം. കുറവുള്ള സ്ഥലം ഉടമ കണ്ടെത്തിക്കൊടുത്താല്‍ പരിശോധിച്ച് നടപടി സ്വീകരിക്കാനും വകുപ്പുണ്ട്.
വിസ്തീര്‍ണ്ണം മാറാം
ഡിജിറ്രല്‍ റീസര്‍വ്വേ പൂര്‍ത്തിയാവുമ്‌ബോള്‍ വസ്തുക്കളുടെ വീസ്തീര്‍ണ്ണം സംബന്ധിച്ച് കൂടുതല്‍ പരാതികളുണ്ടാവാനാണ് സാദ്ധ്യത. ചങ്ങല വലിച്ചുള്ള പരമ്ബരാഗത അളവില്‍ കൃത്യത കുറയും. ഡിജിറ്റല്‍ റീസര്‍വ്വേ കിറുകൃത്യമാണ്. അതിനാല്‍ പലേടത്തും പഴയ വിസ്തീര്‍ണത്തില്‍ വ്യത്യാസമുണ്ടാവാം.

