കൊച്ചി: മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ജോണ്‍പോളിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. ഇന്ന് രാവിലെ 8 മണിയോടെ കൊച്ചി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സിനിമാ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ചാവറ കള്‍ച്ചറല്‍ സെന്ററിലും മരടിലെ വീട്ടിലും ഇന്ന് പൊതുദര്‍ശനത്തിന് ശേഷം 3 മണിയോടെ കൊച്ചി എളംകുളത്തെ സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
ഇന്നസെന്റ്, ഇടവേള ബാബു, ബി. ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ബെന്നി ബെഹന്നാന്‍ എംപി, സിബി മലയില്‍, വിനോദ് കുമാര്‍ എംല്‍എ, കെ.എസ്. പ്രസാദ്, സംവിധായകന്‍ സിദ്ദിഖ്, ഹൈബി ഈഡന്‍, വിനയന്‍, ജനാര്‍ദ്ദനന്‍, സത്യന്‍ അന്തിക്കാട്, മന്ത്രി പി. രാജീവ്, കളക്ടര്‍ ജാഫര്‍ മാലിക്ക്, മുകേഷ്, കമല്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ പോള്‍, ലാല്‍ ജോസ്, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ബിജു നാരായണന്‍, സുധീപ് കുമാര്‍ തുടങ്ങി ആയിരങ്ങളാണ് ജോണ്‍ പോളിനെ അവസാനമായി കാണാനെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ജോണ്‍ പോള്‍ അന്തരിച്ചത്. 72 വയസ്സായിരുന്നു. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതും അദ്ദേഹത്തെ അവശ നിലയിലാക്കിയിരുന്നു.

