തിരുവനന്തപുരം: മീറ്റർ റീഡർമാർ വീട്ടിലെത്തി റീഡിംഗ് രേഖപ്പെടുത്തി ബിൽ നൽകുന്ന സംവിധാനം പുനഃസ്ഥാപിച്ചു. വാട്ടർ അതോറിട്ടി എം. ഡിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എസ് എം എസായി ബിൽ നൽകുന്നതിനെതിരെ പരാതി വ്യാപകമായതോടെ മന്ത്രി റോഷി അഗസ്റ്റിൻ സ്പോട്ട് ബില്ലിംഗ് സംവിധാനം പുനഃസ്ഥാപിക്കാൻ എം. ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചത്.
എസ്എംഎസ് സന്ദേശത്തിലൂടെ ബിൽ ഉപഭോക്താക്കൾക്ക് അയച്ചു നൽകുന്ന രീതി ഒഴിവാക്കി പഴയ രീതിയിൽ മീറ്റർ റീഡർമാർ റീഡിങ് പരിശോധിച്ചു പ്രിന്റ് നൽകുന്ന രീതിയിലേക്ക് വീണ്ടും മാറുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഉപയോക്താക്കളിൽ പലർക്കും യഥാസമയം എസ്എംഎസ് ലഭിക്കുന്നില്ലെന്നും പലരുടെയും മൊബൈൽ നമ്പറുകൾ ജല അതോറിറ്റി രേഖകളിലില്ലെന്നും പരാതിയുയർന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.
പ്രായമായ ഉപയോക്താക്കളുടെ സാങ്കേതിക പരിജ്ഞാനക്കുറവും പ്രശ്നങ്ങൾക്കിടയാക്കിയെന്ന് മനസിലാക്കി. എസ്എംഎസ് വരുന്ന ബിൽ ശ്രദ്ധയിൽ പെടാതെ പോവുകയും തുടർന്നു വരുന്ന ബില്ലിൽ മുൻബിൽ അടയ്ക്കാതതിനാലുള്ള പിഴുയും ചേർത്ത് പലർക്കും ബിൽ അടയ്ക്കേണ്ട സാഹചര്യവും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സ്പോട്ട് ബില്ലിങ് പുനസ്ഥാപിക്കാൻ വാട്ടർ അതോറിറ്റി എംഡിക്ക് നിർദേശം നൽകിയതെന്നും അദ്ദേഹം അറിയിച്ചു.

