കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല. മെമ്മറികാർഡ് പരിശോധനയ്ക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ നിലവിൽ വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മെമ്മറി കാർഡിൽ നിന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പുറത്തു പോയെന്ന വിഷയത്തിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയതിയാണ് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷയിൽ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തിൽ ഇതുവരെ തീരുമാനമായില്ല. 2017 ഫെബ്രുവരി 18 നാണ് കോടതി ആവശ്യ പ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാൽ 2018 ഡിസംബർ 13 ന് ഈ ദൃശ്യം വീണ്ടും കണ്ടതായായാണ് ഫോറൻസിക് സംഘം മനസ്സിലാക്കിയിട്ടുള്ളത്.
മെമ്മറി കാർഡിലെ ഒരു നിശ്ചിത സമയത്തെ വിവിധതരം ഫയലുകളുടെ ആകെ കണക്കാണ് ഹാഷ് വാല്യു. കോടതി ആവശ്യത്തിന് ഈ ഫയൽ ഓപ്പൺ ആക്കിയാൽ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. 2017 ഫെബ്രുവരിയിലാണ് ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത്. ഇതാണ് ഒരു വർഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്.

