ജോണ്‍ പോളിന്റെ ഓര്‍മ്മകളില്‍ സിനിമാലോകം

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിനെ അനുസ്മരിച്ച് മലയാള സിനിമാലോകത്തെ പ്രമുഖര്‍. ഉള്‍ക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്നു നല്‍കിയ അത്യപൂര്‍വ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. തീരെ അപ്രതീക്ഷിതമെന്ന് മ്മമൂട്ടിയും പ്രതികരിച്ചു.

മോഹന്‍ലാല്‍

പ്രിയപ്പെട്ട ജോണ്‍പോളേട്ടന്‍ നമ്മളെ വിട്ടുപിരിഞ്ഞു. ഉള്‍ക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്നു നല്‍കിയ അത്യപൂര്‍വ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.

മമ്മൂട്ടി

തീരെ അപ്രതീക്ഷിതമായിരുന്നു. ഞാന്‍ ഇവിടെവന്ന് അദ്ദേഹത്തോട് സംസാരിച്ചതാണ്. തിരിച്ചുവരുമെന്ന് വിചാരിച്ചതാണ്. മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. സിനിമ സാഹിത്യത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വലിയ ദു:ഖമുണ്ട്.

ഇന്നസെന്റ്

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തൃശൂരില്‍ വെച്ചാണ് ജോണ്‍ പോളിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ഒരു സിനിമയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചക്ക് വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച. സംവിധായകന്‍ മോഹന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ആണ് ജോണ്‍ പോളിനെ അന്ന് ബസ് സ്റ്റാന്‍ഡില്‍ ചെന്ന് സ്വീകരിച്ചത്. ഞാനും എന്റെ സഹനിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ മോഹനും ചേര്‍ന്ന് ജോണ്‍ പോളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ‘വിടപറയും മുമ്പേ’ എന്ന ചിത്രം പിറന്നു. ആ സിനിമ നൂറു ദിവസം പ്രദര്‍ശനം നടത്തുകയും ചെയ്തു. നിര്‍മ്മാതാവായി നിന്ന കാലത്തും അഭിനയ മോഹമായിരുന്നു എന്റെ മനസ്സില്‍. ‘കാതോടു കാതോരം’ എന്ന ചിത്രത്തില്‍ ഞാന്‍ കപ്യാരുടെ വേഷം അവതരിപ്പിച്ചത് ജോണ്‍ പോളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ആ കഥാപാത്രത്തെ ല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്തു. അതുപോലെ ജോണ്‍ പോളിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത ‘കേളി’യിലും എനിക്ക് അവസരം ലഭിച്ചു. സിനിമക്ക് പുറത്തും ഞങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. ജോണ്‍ പോള്‍ എന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ സൗഹൃദം എന്നും സൂക്ഷിച്ചു പോന്നു. കുടുംബവുമായും നല്ല സൗഹൃദം നിലനിന്നിരുന്നു. എന്റെ ശീലങ്ങളില്‍ ന്ല്ലതിനെ നല്ലതായും മോശമായവയെ അത്തരത്തിലും അദ്ദേഹം വിലയിരുത്തുകയും പലതും പറഞ്ഞു മനസിലാക്കി തരികയും ചെയ്തിരുന്നു. ജോണ്‍ പോളിന്റെ മരണവാര്‍ത്ത ഞാന്‍ കേള്‍ക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം, അതിനേക്കാള്‍ മുമ്പേ പോകേണ്ടിയിരുന്നതാണ് ഞാന്‍. വിധി എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ. ദൈവം തീരുമാനിച്ചതു പോലെ എല്ലാം നടക്കുന്നു. എനിക്കും നഷ്ടപ്പെട്ടത് എന്റെ വലിയ സുഹൃത്തിനെയാണ്. സിനിമാ ലോകത്തിനു നഷ്ടമായത് മികച്ച ഒരു തിരക്കഥാകൃത്തിനെയും.

മഞ്ജു വാര്യര്‍

യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം…. ഓര്‍മ്മയ്ക്കായി…ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകള്‍! കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി.

കുഞ്ചാക്കോ ബോബന്‍

അസാമാന്യ പ്രതിഭയായ മനുഷ്യന്‍. മനസിനെ സ്പര്‍ശിക്കുന്ന ഒട്ടനവധി സിനിമകള്‍ക്ക് ജന്മം നല്‍കിയ, കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന, ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ആധിപത്യം പുലര്‍ത്തിയ, ഞങ്ങളെല്ലാവരും അങ്കിള്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് എന്റെ അപ്പനോട് അദ്ദേഹത്തിനുള്ള ഊഷ്മളതയും സ്‌നേഹവും ഞാന്‍ അനുഭവിച്ചറിഞ്ഞ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ശരീരത്തേക്കാള്‍ വലിയ മനസുള്ള അദ്ദേഹത്തിന്റെ ഹൃദയ വിശാലത അനുഭവിച്ച ഒരുപാട് പേരുണ്ട്. അദ്ദേഹം നമ്മുടെ ഇടയില്‍ ഇല്ലായിരുന്നെങ്കിലും ദൂരത്തു നിന്നും ആ സ്‌നേഹം അനുഭവിച്ചറിയാമായിരുന്നു. ജോണ്‍ പോള്‍ അങ്കിള്‍… അങ്ങയുടെ ശബ്ദവും വാക്കുകളും ഞാന്‍ ഒരുപാട് മിസ് ചെയ്യും. പക്ഷേ സിനിമാ മേഖലക്ക് വേണ്ടിയും സാഹിത്യത്തിന് വേണ്ടിയും ബാക്കി വെച്ചിട്ട് പോയ സൃഷ്ടികളിലൂടെ അങ്ങ് നിരന്തരം ഞങ്ങളോട് സംവദിച്ചുകൊണ്ടേയിരിക്കും. അടുത്ത കാലത്തായി മലയാള സിനിമാ മേഖലക്ക് മാത്രമല്ല വ്യക്തിപരമായി എനിക്കും എന്റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്ടങ്ങള്‍ തന്നെയാണ് നെടുമുടി വേണുച്ചേട്ടന്‍, ലളിതച്ചേച്ചി, ഇപ്പോള്‍ ജോണ്‍ പോള്‍ അങ്കിള്‍ എന്നിവരുടെ വിയോഗം. നിങ്ങള്‍ എല്ലാവരും സ്വര്‍ഗത്തില്‍ നിങ്ങളുടെ സൗഹൃദം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.