മലപ്പുറം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുടെ നിലവിലെ ഡിപിആര്‍ മാറ്റി പുതിയ ഡിപിആര്‍ തയ്യാറാക്കുകയാണെങ്കില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. നിലവിലെ ഡിപിആറിലെ അബദ്ധങ്ങള്‍ തിരുത്താതെ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ. ശ്രീധരന്‍ പറഞ്ഞത്
‘നിലവില്‍ സര്‍ക്കാര്‍ നടത്താനിരിക്കുന്ന പാനല്‍ ചര്‍ച്ച നേരത്തെ തന്നെ നടത്തേണ്ടതായിരുന്നു. പ്രവൃത്തികള്‍ തുടങ്ങിയതിന് ശേഷമല്ല ചര്‍ച്ച നടത്തേണ്ടത്. ആദ്യം പ്രോജക്ട് സമര്‍പ്പിച്ച് റെയില്‍വേ ബോര്‍ഡിന്റെ സമ്മതം വാങ്ങട്ടെ. റെയില്‍വേ ബോര്‍ഡ് തന്നെ വിളിച്ച് അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കുകയുള്ളൂ. ഇപ്പോള്‍ നടക്കുന്നത് പാനല്‍ ചര്‍ച്ചയാണ്. അതില്‍ പങ്കെടുത്താലും ഇല്ലെങ്കിലും ഒരു മാറ്റവും വരാന്‍ പോകുന്നില്ല. ഇതില്‍ എന്നെ വിളിച്ചാലും പോകില്ലായിരുന്നു. പാനല്‍ ചര്‍ച്ച കൊണ്ട് എന്താണ് ഗുണമുള്ളത്? സര്‍ക്കാരിന് ഒരു അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുമോ? അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും വന്നേനെ. ഇപ്പോള്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ്. അങ്ങനെയുള്ള സ്ഥിതിക്ക് പാനല്‍ ചര്‍ച്ചയില്‍ പോകേണ്ട ആവശ്യമില്ല. സര്‍ക്കാരിന് എന്റെ കഴിവ് അറിയാം. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മൂന്ന് പ്രാവശ്യം കത്തുകളിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ടും തമ്മില്‍ രാവും പകലും വ്യത്യാസമുണ്ട്. ആ പ്രോജക്ട് നിലത്ത് കൂടിയല്ല പോകുന്നത്. എലവേറ്റഡ് അല്ലെങ്കില്‍ ഭൂമിക്കടിയില്‍ കൂടിയാണ്. മാത്രമല്ല ആ പ്രോജക്ടിന് ഭൂമി ഏറ്റെടുക്കല്‍ വളരെ കുറവാണ്. പ്രോജക്ടിന്റെ എസ്റ്റിമേറ്റും സാങ്കേതിക വിവരങ്ങളും കൃത്യമായിരുന്നു. എന്നാല്‍, ഈ പ്രോജക്ട് അങ്ങനെയല്ല. പുതിയ സില്‍വര്‍ ലൈന്‍ ഡിപിആര്‍ ഉണ്ടാക്കാനും തന്റെ അഭിപ്രായങ്ങളും അറിയാന്‍ സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ ആ ക്ഷണം തീര്‍ച്ചയായും സ്വീകരിക്കും.’

