വളര്‍ത്തുമൃഗങ്ങള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

സുല്‍ത്താന്‍ബത്തേരി: കേരളത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം സബ്സിഡിയായി നല്‍കി ഉടമയില്‍നിന്ന് ചെറിയ തുകയീടാക്കുന്ന വിധത്തിലാകും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

‘സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ സജ്ജമാക്കും. എല്ലാജില്ലകളിലും ടെലി മെഡിസിന്‍ യൂണിറ്റുകളൊരുക്കും. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ കേരള ഫീഡ്, മില്‍മ എന്നിവയുടെ സഹായത്തോടെ കന്നുകാലികള്‍ക്കുള്ള തീറ്റ നല്‍കാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ട്രെയിനീസ് ഹോസ്റ്റലിന്റെയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിന്റെയും ശിലാസ്ഥാപനവും നൂതനപദ്ധതി രൂപവല്‍ക്കരണ ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.