നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്‌

2.5 ദശലക്ഷം വരിക്കാരെ ചേര്‍ക്കുക എന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ലക്ഷ്യത്തിന് വലിയ തിരിച്ചടിയാണ് 2022ന്റെ ആദ്യ പാദത്തില്‍ കമ്പനിക്ക് 200,000 വരിക്കാരുടെ നഷ്ടമുണ്ടായത്. യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയിലെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതും 700,000 അംഗങ്ങളെ നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ട്.

ഇതേ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് പരസ്യങ്ങളുള്ള വിലകുറഞ്ഞ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. എച്ച്ബിഓ മാക്സ്, ഡിസ്നി + എന്നിവയിലെ സമാന പ്ലാനുകളുടെ വിജയം കണക്കിലെടുത്താണ് അത്തരം പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നാണ് വിവരം. ഒപ്പം വരുമാനത്തെയും വരിക്കാരുടെ എണ്ണത്തെയും ബാധിക്കുന്ന അക്കൗണ്ട് ഷെയറിങ്, പാസ്സ്വേര്‍ഡ് ഷെയറിങ് എന്നിവ തടയാനും പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഡിസംബറില്‍ നിരക്കുകള്‍ കുറച്ചതിന് ശേഷം ഇന്ത്യയില്‍ 649 രൂപയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പ്രീമിയം പ്ലാന്‍ നിരക്ക്. ഇതില്‍ ഒരേസമയം നാല് ഉപകരണങ്ങള്‍ വരെ ഉപയോഗിക്കാനാകും. അതിനാല്‍ തന്നെ സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ അക്കൗണ്ട് പങ്കുവച്ചാണ് പലരും ഉപയോഗിക്കുന്നത്. മറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കള്‍ ഒരേ അക്കൗണ്ടില്‍ നിന്ന് നാലിലധികം ഉപകരണങ്ങളില്‍ ലോഗിന്‍ചെയ്യാന്‍ സാധിക്കും. ഇതിനാല്‍ ഒരു നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് പലപ്പോഴും നാലില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചേക്കും.