ജി സുധാകരൻ ഇനി ആലപ്പുഴ ഡിസി ബ്രാഞ്ച് അംഗം

തിരുവനന്തപുരം: ജി സുധാകരൻ ഇനി ബ്രാഞ്ച് കമ്മിറ്റി അംഗം. സിപിഐഎം ആലപ്പുഴ ഡിസി ബ്രാഞ്ചിലാണ് ജി സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരൻ ഇനി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള ഡി സി ബ്രാഞ്ചിൽ അംഗമായി തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തന്നെ ബ്രാഞ്ചിലേക്ക് സുധാകരൻ സംസ്ഥാന – ജില്ലാ നേതൃത്വങ്ങളോട് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രായപരിധി കർശനമാക്കിയതിനെ തുടർന്നാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയത്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ നിന്നുൾപ്പടെ ജി സുധാകരൻ വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ സിപിഎം പാർട്ടി കോൺഗ്രസിൽ നിന്നും വിട്ടു നിന്നത്.

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പ്രകാരം പാർട്ടി ആവശ്യം അംഗീകരിച്ചു. അതേസമയം, സുധാകരന് പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.