തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എഎപിക്കും ട്വന്റി-ട്വന്റിക്കും ഒറ്റ സ്ഥാനാര്‍ത്ഥി

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര നിയസഭാ മണ്ഡലത്തില്‍ ട്വന്റി ട്വന്റിക്കും ആംആദ്മിക്കും ഒറ്റ സ്ഥാനാര്‍ഥിയായിരിക്കും മത്സര രംഗത്ത് ഉണ്ടാവുക എന്ന് ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റി നിര്‍ദ്ദേശിക്കുന്നയാളെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കി എഎപി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്നാണു സൂചന. കോണ്‍ഗ്രസിനും സിപിഎമ്മിനും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ആംആദ്മി പാര്‍ട്ടിക്കു സാധിക്കുമെന്നാണു നേതാക്കളുടെ പ്രതീക്ഷ.

തൃക്കാക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 10.18% വോട്ടു നേടിയാണ് ട്വന്റി ട്വന്റി നാലാം സ്ഥാനത്തായത്. പി.ടി തോമസ് 14,329 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. യുഡിഎഫിന് 43.82 % വോട്ട് ലഭിച്ചപ്പോള്‍, എല്‍ഡിഎഫിന് 33.32 %, എന്‍ഡിഎക്ക് 11.34 % എന്നിങ്ങനെയാണ് വോട്ടു നേടാനായത്. പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിത പ്രതാപ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് തൃക്കാക്കരയില്‍ എഎപിക്ക് 9000 വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്വന്തമാക്കിയത് 13000 വോട്ടാണ്.

ട്വന്റി ട്വന്റിക്ക് ഒപ്പം ചേര്‍ന്നു മല്‍സരിക്കുന്ന സാഹചര്യമുണ്ടായാല്‍ തൃക്കാക്കര മണ്ഡലത്തില്‍ മികച്ച ശതമാനം വോട്ടുറപ്പിക്കാന്‍ ആം ആദ്മിക്കു സാധിച്ചേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഫലം തീരുമാനിക്കുന്നതില്‍ നിര്‍ണായക ശക്തിയായത് ട്വന്റി ട്വന്റി ആയിരുന്നു. എട്ടിടത്തു കന്നി മത്സരത്തിനിറങ്ങിയ ട്വന്റി 20ക്ക് ഒരിടത്തും ജയിക്കാനായില്ലെങ്കിലും ആറു മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തെത്തി. മത്സരിക്കുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക. അതില്‍ സംശയമൊന്നുമില്ല. ട്വന്റി 20 യുടെ നേതാക്കള്‍ ആ വിധത്തിലുള്ള ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വേറേ പൊതു സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചയുടെ ആവശ്യമില്ലെന്നും എഎപി സംസ്ഥാന കണ്‍വനീര്‍ പി.സി.സിറിയക് നേരത്തെ പറഞ്ഞിരുന്നു.