കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാകാലവും ശമ്പളം നല്‍കാനാവില്ല: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നും, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ കാലവും സര്‍ക്കാരിന് ശമ്പളം നല്‍കാനാകില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കി. അടുത്ത മാസത്തെ ശമ്പളം നല്‍കാനാവുന്നതിന് മുന്‍പ് സമരം തീരുമാനിച്ചത് ശരിയായില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി. ശമ്പള വിഷയത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ മാത്രം സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് യാത്രാനിരക്ക് ഉയര്‍ത്തിയതിനെതിരെ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിനേക്കാള്‍ കുറഞ്ഞതാണ് പുതിയ നിരക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം- ബംഗലൂരു സ്‌കാനിയ ബസിലെ യാത്രക്കാര്‍ ബസ് തകരാറിലായതിനെത്തുടര്‍ന്ന് പെരുവഴിയിലായ സംഭവത്തില്‍ ബസിന്റെ സര്‍വീസ് പ്രോവൈഡേഴ്സിന് കരാര്‍ പുതുക്കി നല്‍കില്ല. തകരാറിലായ ബസ് കെഎസ്ആര്‍ടിസിയുടേതല്ല. സര്‍വ്വീസ് പ്രോവൈഡേഴ്സ് വരുത്തുന്ന വീഴ്ച്ചയ്ക്ക് കെ എസ് ആര്‍ ടി സി മറുപടി പറയേണ്ടി വരുന്ന അവസ്ഥയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.