വളരെ ശുഭകരമായ നിമിഷം; ഇന്ത്യയുടെ സ്വീകരണത്തിന് നന്ദി അറിയിച്ച് ബോറിസ് ജോൺസൺ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ അവസ്ഥയിലാണെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ഡൽഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രതിരോധം, നയതന്ത്രം, സാമ്പത്തികം, ഇൻഡോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഇരുരാഷ്ട്രത്തലവൻമാരും ചർച്ച ചെയ്യുന്നത്.

ഇന്ത്യയുടെ സ്വീകരണത്തിന് ബോറിസ് ജോൺസൺ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഇത്രയും സന്തോഷകരമായ സ്വീകരണം താൻ കണ്ടിട്ടില്ല. ലോകത്ത് മറ്റെവിടേയും തനിക്കിത് ലഭിക്കില്ല. വളരെ ശുഭകരമായ നിമിഷമാണിതെന്നും അദ്ദേഹം അറിയിച്ചു.

ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ന്യായമായ വ്യാപാരം ഇല്ലാതാക്കാനും പരമാധികാരത്തെ ചവിട്ടിമെതിക്കാനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്ന് ലോകം ഭീഷണികളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള യുകെയുടെ പങ്കാളിത്തം കൊടുങ്കാറ്റുള്ള കടലിലെ ഒരു വഴിവിളക്കാണെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മഗാന്ധി അന്ത്യവിശ്രമംകൊള്ളുന്ന രാജ്ഘട്ടിലെത്തി ബോറിസ് ജോൺസൺ ആദരമർപ്പിക്കുകയും ചെയ്തു.