കെ റെയിൽ; വിമർശകരെ കേൾക്കാനും മറുപടി നൽകാനും വേദി ഒരുക്കാൻ സർക്കാർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ വിമർശകരെ കേൾക്കാനും മറുപടി നൽകാനും വേദി ഒരുക്കാൻ സർക്കാർ. കെ റെയിലിൽ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഏപ്രിൽ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു തുടങ്ങിയവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും.

കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ധരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാരെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം, സംസ്ഥാനത്ത് ഇന്നും സർവേ കല്ലിടൽ തുടരും. എന്നാൽ കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയാനാണ് പ്രതിഷേദക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വീണ്ടും കല്ലിടൽ നടപടികൾ ആരംഭിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായി.

നാട്ടുകാരോടൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ ചിലർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പൊലീസും സമരക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.