ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്കുമേൽ നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുന്നു; വി മുരളീധരൻ

തലശേരി: ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്കുമേൽ നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നും സഭയുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇന്ത്യയിലെ ക്രൈസ്തവർക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ക്രൈസ്തവ സമുദായത്തിലെ പെൺകുട്ടികളെ മതംമാറ്റാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സഭാ നേതൃത്വമല്ലാതെ മറ്റാരാണ് പറയുകയെന്ന് അദ്ദേഹം ചോദിച്ചു.

സിറിയയിലും ഇറാഖിലും ശ്രീലങ്കയിലുമെല്ലാം ഇസ്ലാമിക മതമൗലികവാദികൾ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി ചെയ്യുകയാണ്. മുൻ മുഖ്യമന്ത്രി വി.എസ് അച്യതാനന്ദനും രണ്ട് മുൻ ഡിജിപിമാരും കേരളത്തിൽ ഇത്തരം നീക്കം നടക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് പറയുന്നതിന്റെ പേരിൽ കത്തോലിക്ക സഭയെ വിമർശിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലവ് ജിഹാദ്- നർകോട്ടിക് ജിഹാദ് പരാമർശങ്ങളുടെ പേരിൽ പാലാ ബിഷപ്പിനെതിരെ പോലീസ് കേസെടുത്തിരുന്നു. ലവ് ജിഹാദെന്ന വാക്ക് ഉച്ചരിച്ചാൽ സഭാ പിതാക്കൻമാർക്കെതിരെ കേരളത്തിൽ കേസെടുക്കുമെന്നും അദ്ദേഹം വിമർശിച്ചു. ഇസ്ലാമിക തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നത് നരേന്ദ്രമോദിയാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിനെതിരെ ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തിയിരുന്നു. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.