ഗാന്ധിനഗര്‍: ബി.ജെ.പി നേതാക്കളെയും ആശയങ്ങളെയും പ്രശംസിച്ചുകൊണ്ട് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റും പട്ടേല്‍ വിഭാഗം നേതാവുമായ ഹാര്‍ദിക് പട്ടേലിന്റെ അഭിമുഖം ഒരു ദിനപത്രത്തില്‍ വന്നതോടെ ഹാര്‍ദിക് ബി.ജെ.പിയില്‍ ചേരുമെന്ന സൂചനകള്‍ ശക്തമായി.
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്ന് ഹാര്‍ദിക്ക് പട്ടേല്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഗുജറാത്തി പത്രമായ ദിവ്യ ഭാസ്‌റില്‍ ഹാര്‍ദിക് നല്‍കിയ അഭിമുഖം വിവാദമാവുകയും, നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കളെ ഹാര്‍ദിക്ക് പ്രശംസകൊണ്ട് മൂടുകയും ചെയ്തു. രാമക്ഷേത്ര നിര്‍മ്മാണം, കശ്മീരിലെ 370-ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവയെ ഹര്‍ദിക് അഭിമുഖത്തില്‍ പിന്തുണക്കുകയും ചെയ്തു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉള്‍പ്പടെ ബി.ജെ.പിയെ വിറപ്പിച്ച ഹാര്‍ദിക് ബി.ജെ.പി നേതാക്കളെയും ആശയങ്ങളെയും പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതോടെയാണ് ഹാര്‍ദിക് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ സജീവമായത്.

