രാജസ്ഥാൻ തെരഞ്ഞെടുപ്പ്; ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് അദ്ദേഹം ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടത്. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായും സച്ചിൻ പൈലറ്റ് വ്യാഴാഴ്ച്ച കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ ഇനി സച്ചിൻ പൈലറ്റിന്റെ സ്ഥാനം എന്തായിരിക്കണമെന്ന കൃത്യമായ നിർദേശം സച്ചിന് നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് സച്ചിൻ പൈലറ്റ് നേതൃത്വത്തിന് മുന്നിൽ ആവശ്യപ്പെട്ടതായും വിവരമുണ്ട്.

രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനും പാർട്ടിയിലെ യുവ മുഖവുമായിരുന്ന സച്ചിൻ പൈലറ്റ് 2018 ലെ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ 2018 -ൽ രാജസ്ഥാനിൽ കോൺഗ്രസിന് ഭരണം കിട്ടിയെങ്കിലും മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗലോട്ടിന് മുന്നിൽ സച്ചിന് മുഖ്യമന്ത്രി സ്ഥാനം അടിയറവ് വെക്കേണ്ടി വന്നിരുന്നു. എന്നാൽ ഇത്തവണ പാർട്ടി തന്നെ കൈവിടില്ലെന്നാണ് സച്ചിന്റെ പ്രതീക്ഷ.

അതേസമയം, സച്ചിൻ പൈലറ്റിന് കൂടുതൽ പരിഗണന നൽകുമ്പോൾ അശോക് ഗലോട്ടിന്റെ ശക്തമായ എതിർപ്പുണ്ടാവുമെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഇരുവരേയും പിണക്കാതെ മുന്നോട്ടു പോകാനാണ് പാർട്ടിയുടെ തീരുമാനം.