മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സീസണിലെ രണ്ടാം ജയം.
156 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ചെന്നൈക്ക് ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ അതുവരെ തകര്‍ത്തടിച്ച പ്രിട്ടോറിയസിനെ ഉനദ്ഘട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ മുംബൈ സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ ഡ്വയിന്‍ ബ്രാവോ സിംഗിളെടുത്ത് സ്‌ട്രൈക്ക് ധോണിക്ക് കൈമാറി.
മൂന്നാം പന്തില്‍ ധോണിയുടെ വക സിക്‌സ്, നാലാം പന്തില്‍ ബൗണ്ടറി, അഞ്ചാം പന്തില്‍ രണ്ട് റണ്‍സ്, ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റണ്‍സ്. ഉനദ്ഘട്ടിന്റെ ലോ ഫുള്‍ടോസ് ഫൈന്‍ ലെഗ്ഗ് ബൗണ്ടറി കടത്തി ഒരിക്കല്‍ കൂടി ധോണി ചെന്നൈയുടെ വിജയ നായകനായി. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 155-7, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 156-7. 13 പന്തില്‍ 28 റണ്‍സുമായി ധോണിയും ഒരു റണ്ണോടെ ഡ്വയിന്‍ ബ്രാവോയും പുറത്താകാതെ നിന്നു.

