എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണത്തില്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. വിഷയം ചര്‍ച്ചയിലില്ലെന്നും ഇ പി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, ലീഗിനെ ആരും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കാനം പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഇ പി ജയരാജന്‍ തിരിച്ചടിച്ചു.
ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്നും, വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും ഇ.പി ജയരാജന്‍ ഇന്നലെ പറഞ്ഞിരുന്നു. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുവരും. ഇടതുപക്ഷത്തെ എതിര്‍ത്ത് ശക്തി സംഭരിക്കാന്‍ കഴിയുമെന്ന തെറ്റായ ധാരണയാണ് കേരളത്തിലെ യുഡിഎഫിനുള്ളത്. ഈ നിലപാടിനോട് യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. അത് പരിഹരിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടണം. ജനങ്ങളുടെ പ്രതീക്ഷ ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് ദുര്‍ബലമായി കഴിഞ്ഞതായി ഘടകകക്ഷികള്‍ക്ക് ബോധ്യമുണ്ട്. കോണ്‍ഗ്രസിന്റെ പിന്നാലെ പോയി തങ്ങളും നശിക്കണോ എന്ന ചിന്ത ആര്‍എസ്പിയും ലീഗും അടക്കമുള്ള പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ട്. മാണി സി കാപ്പനും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ ലീഗ് ഉള്ളതുകൊണ്ടാണെന്ന ചിന്ത ലീഗിനുണ്ടായിട്ടുണ്ട്. അതിനാല്‍ ലീഗ് നിലപാടറിയിച്ചാല്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും- ഇ പി ജയരാജന്‍ വ്യക്തമാക്കി.

