തിരുവനന്തപുരം: മുന്നണി വിപുലീകരണത്തെക്കുറിച്ച് എൽഡിഎഫിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതുതായി ചുമതലയേറ്റ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും കാനം പറഞ്ഞു. ചർച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫിന് പറയാനുള്ളത് എൽഡിഎഫ് പറഞ്ഞു, ഇനി ബാക്കിയൊക്കെ അവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഇ പി ജയരാജന്റെ പരാമർശം. മുന്നണി വിപുലീകരണം എൽഡിഎഫിൻറെ അജണ്ടയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഇപി ജയരാജൻ പ്രശംസിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയകാര്യങ്ങളിൽ നയരൂപീകരണത്തിലൊക്കെ ഒരു കിംഗ്‌മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്നായിരുന്നു ഇ പി പറഞ്ഞത്. അദ്ദേഹം എന്താണുദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചുനോക്കൂവെന്നും ഇ പി പറഞ്ഞിരുന്നു.
പി സി ചാക്കോ ഇന്നെവിടെയാണ്? കെ വി തോമസ് എവിടെയാണ്? ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള എല്ലാ അടവുപരമായ നടപടികളും സിപിഎം സ്വീകരിക്കും. അതാണ് ഇടത് നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണി കൂടുതൽ ശക്തിപ്പെടുമെന്നും, അതൊരു മനുഷ്യമഹാപ്രവാഹമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് വരികയാണെങ്കിൽ ലീഗിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന് ഇപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആർഎസ്പിക്കും ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം ആകാമെന്നും ഇ പി പറഞ്ഞു.
അതേസമയം, ഇടത് മുന്നണിയിലേക്ക് പോകണ്ട ഗതികേടൊന്നും ലീഗിനില്ലെന്നായിരുന്നു വിഷയത്തിൽ കെപിഎ മജീദിന്റെ പ്രതികരണം. ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതൽ വളർന്നിട്ടുള്ളത്. ഭരണമില്ലെങ്കിൽ ലീഗ് ക്ഷീണിച്ചുപോകില്ലെന്നും വളരുകയേയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.

