ന്യൂഡൽഹി: ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. സുപ്രീംകോടതി ഉത്തരവിനു ശേഷവും പൊളിക്കൽ നടപടികൾ തുടർന്നത് ഗൗരവമായി കാണുന്നുവെന്ന് കോടതി അറിയിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
നോട്ടീസ് നൽകിയ ശേഷമാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്നാണ് സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ളവർ കോടതിയെ അറിയിച്ചത്. ഇങ്ങനെ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ചൂണ്ടിക്കാട്ടി ജഹാംഗിൽപുരിയിൽ ഉള്ളവരും ഹർജിക്കാരും സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഇതു സംബന്ധിച്ച് എതിർവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരി?ഗണിച്ചത്.
പൊളിക്കൽ നിർത്തിവെക്കണമെന്ന കോടതിയുടെ ഉത്തരവ് വന്നശേഷവും പൊളിക്കൽ നടപടികൾ ഒരു മണിക്കൂറോളം തുടർന്നിരുന്നു. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യംവച്ചാണ് ഈ പൊളിക്കൽ നടപടികളെന്ന് ദുഷ്യന്ത് ദവേ പറഞ്ഞു.. ബി ജെ പി നേതാവിന്റെ കത്തിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾ തുടങ്ങിയത്. സർക്കാർ നയത്തിന്റെ ഉപകരണമാണോ ബുൾഡോസർ. കാടിന്റെ നീതിയാണ് നടപ്പാക്കുന്നത്. നോട്ടീസിനും അപ്പീലിനും വ്യവസ്ഥയുണ്ടെന്നും ഇത് പാലിച്ചിട്ടില്ലെന്നും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി.
മതപരമായ യാത്രകൾ നടന്നതിന് പിന്നാലെ സംഘർഷമുണ്ടായാൽ ഒരു വിഭാഗത്തിന്റെ വീടുകൾ പൊളിക്കുന്ന രീതി തുടരുന്നുന്നെന്ന് കപിൽ സിബൽ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നു. പൊളിക്കലിൽ സ്റ്റേ വേണമെന്നും കപിൽ സിബിൽ ആവശ്യപ്പെട്ടു.

