തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും വർധിക്കുമ്പോഴും രഹസ്യാന്വേഷണ, ആഭ്യന്തരസുരക്ഷാ വിഭാഗങ്ങൾ നിർജ്ജീവമായി തുടരുന്നു. ആഭ്യന്തര സുരക്ഷാ അഡി. ഡി.ജി.പി ഉൾപ്പെടെ നിരവധി സുപ്രധാന തസ്തികകൾ രണ്ടു വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്.
സമൂഹമാദ്ധ്യമങ്ങളിലെ കൊലവിളിയും മതസ്പർദ്ധ വളർത്തുന്ന വ്യാജപ്രചാരണങ്ങളും കണ്ടെത്തേണ്ട സൈബർഡോം കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് സജീവമായി നിലനിൽക്കുന്നത്. രാഷ്ട്രീയ കൊലകളുണ്ടായാൽ നേതാക്കൾക്ക് സംരക്ഷണമൊരുക്കാറുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തവരും കുഴപ്പക്കാരല്ലാത്തവരുമായ നേതാക്കളായിരിക്കും എളുപ്പത്തിൽ ആക്രമിക്കപ്പെടുക. ഇവർക്ക് സംരക്ഷണമൊരുക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. സമൂഹ മാദ്ധ്യമങ്ങളിലെ കൊലവിളി കണ്ടെത്തി ജാഗ്രതാ മുന്നറിയിപ്പ് നൽകേണ്ടതും പൊലീസ് സംരക്ഷണത്തിന് ശുപാർശ ചെയ്യേണ്ടതും രഹസ്യാന്വേഷണ വിഭാഗമാണ്. എന്നാൽ, കുറ്റകൃത്യങ്ങൾക്കുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ് അവ തടയാൻ വേണ്ടിയുള്ള യാതൊരു നടപടികളും ഇപ്പോൾ സ്വീകരിക്കാറില്ല.
ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ 11 ദിവസത്തെ അവധിയിൽ ഹിമാചൽപ്രദേശിലാണ്. ഏറെക്കാലമായി ഒഴിഞ്ഞുകിടന്ന, രഹസ്യാന്വേഷണത്തിന് മേൽനോട്ടം വഹിക്കേണ്ട ഇന്റലിജൻസ് ഐ.ജി തസ്തികയിൽ ജനുവരിയിൽ നിയമിതയായ ഹർഷിത അട്ടല്ലൂരിയെ മൂന്നുമാസമായപ്പോഴേക്കും മാറ്റി. ആഭ്യന്തരസുരക്ഷാ വിഭാഗം ഐ.ജി, സെക്യൂരിറ്റി ഐ.ജി, സെക്യൂരിറ്റി ഡി.ഐ.ജി എന്നീ സുപ്രധാന തസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.
രഹസ്യാന്വേഷണം നടത്തേണ്ട സ്‌പെഷ്യൽ ബ്രാഞ്ചിൽ ഹെഡ്ക്വാർട്ടേഴ്‌സ് എസ്.പി, തിരുവനന്തപുരം റേഞ്ച് എസ്.പി തസ്തികകളും ഒഴിഞ്ഞുതന്നെ. കൊച്ചിയിൽ വി.ഐ.പി സെക്യൂരിറ്റിയുടെ ചുമതലയുള്ള കമൻഡാന്റുമില്ല. ആഭ്യന്തരസുരക്ഷാ വിഭാഗത്തിൽ കേരളമാകെ ചുമതലയുള്ള നാല് ഡിവൈ.എസ്.പിമാരാണുള്ളത്. തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗവും (ഐ.എസ്.ഐ.ടി) നിർജ്ജീവമാണ്.
സൈബർഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പൊലീസ് സ്‌റ്റേഷൻ എന്നിവ 24 മണിക്കൂറും സൈബർ പട്രോളിംഗ് നടത്തുമെന്ന് നേരത്തെ ഡിജിപി അനിൽ കാന്ത് അറിയിച്ചിരുന്നു. എന്നാൽ ഈ വിഭാഗങ്ങളുടെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിനു മാത്രമാണെന്ന വിമർശനം ഉയരുന്നുണ്ട്.

