തിരുവനന്തപുരം: വീണ്ടും സിൽവർലൈൻ കല്ലിടാൻ ആരംഭിച്ച് സംസ്ഥാന സർക്കാർ. പാർട്ടി കോൺഗ്രസിന്റെ ഇടവേളയിൽ നിർത്തിവെച്ച സർവ്വേ കല്ലിടൽ ആണ് പുനരാരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായി.
നാട്ടുകാരോടൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ ചിലർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പോലീസും സമരക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ചതെന്ന് സമരക്കാർ വ്യക്തമാക്കി. കോൺഗ്രസ്സും പോലീസുകാരും നമ്മിലും അടിപിടി ഉണ്ടായി. കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിരിക്കുകയാണ് എന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്.
കല്ലിടുന്ന വിവരം നാട്ടുകാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും പദ്ധതി നടപ്പാക്കിയാൽ സ്കൂളും പഞ്ചായത്ത് ഓഫീസും എല്ലാം പൊളിക്കേണ്ടി വരുമെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

