സങ്കര ചികിത്സാ സമ്പ്രദായം എന്ന കേന്ദ്ര സർക്കാർ നയം അശാസ്ത്രീയം; പ്രതിഷേധങ്ങൾ തുടരുമെന്ന് ഐഎംഎ

കൊച്ചി: കേന്ദ്ര സർക്കാർ നയത്തിനെതിരെ വിമർശനവുമായി ഐഎംഎ. സങ്കര ചികിത്സാ സമ്പ്രദായം എന്ന കേന്ദ്ര സർക്കാർ നയം അശാസ്ത്രീയമാണെന്ന് ഐഎംഎ അറിയിച്ചു.

വിവിധ ചികിത്സാ സമ്പ്രദായങ്ങളെ ഏകീകരിച്ച് ഒറ്റ ചികിത്സാ രീതി നടപ്പാക്കാനുള്ള തീരുമാനം പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നാണ് ഐഎംഎ അഭിപ്രായപ്പെടുന്നത്. ഈ നയത്തിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമൂവൽ കോശി അറിയിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. എംബിബിഎസ് യോഗ്യത ഇല്ലാത്തവർക്കും ആധുനിക വൈദ്യശാസ്ത്ര മേഖല കൈകാര്യം ചെയ്യാൻ കഴിയുന്ന ബ്രിഡ്ജ് കോഴ്‌സുകൾ അനുവദിക്കാനുള്ള തീരുമാനവും പിൻവലിക്കണമെന്ന ആവശ്യവും ഐഎംഎ ഉന്നയിക്കുന്നുണ്ട്.