ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസിന് ‘തുളസി ഭായ്’ എന്ന് പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗറിൽ ത്രിദിന ആഗോള ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നവേഷൻ ഉച്ചകോടിയിൽ സംസാരിക്കവെ ആയിരുന്നു മോദിയുടെ പരാമർശം. ടെഡ്രോസ് തന്റെ നല്ല സുഹൃത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ അധ്യാപകരാണ് തന്നെ പഠിപ്പിച്ചതെന്നും അവർ കാരണമാണ് താൻ ഇവിടെയെന്നും എപ്പോഴും അദ്ദേഹം പറയാറുണ്ടെന്നും മോദി വ്യക്തമാക്കി.
തനിക്ക് ഒരു പക്കാ ഗുജറാത്തിയായി ഒരു പേരിടാമോയന്ന് ഇന്ന് ട്രെഡ്രോസ് തന്നോട് ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് മറുപടിയായി ‘തുളസി ഭായ്’ എന്ന പേര് താൻ അദ്ദേഹത്തിന് നിർദ്ദേശിക്കുകയാണെന്നായിരുന്നു മോദിയുടെ പരാമർശം. തുളസിയുടെ ഗുണങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഏറെ ആയുർവേദ ഗുണങ്ങളുള്ള ഒന്നാണ് തുളസി. ആധുനിക തലമുറ മറക്കുന്ന ഒരു ചെടിയാണ് തുളസി. തലമുറകളായി ഞങ്ങൾ തുളസിയെ ആരാധിക്കുന്നുണ്ട്. ഇന്ത്യയുടെ പൈതൃകത്തിൽ പ്രധാനപ്പെട്ട ഒന്നാണ് തുളസി. ഗുജറാത്തി പേരെന്നാൽ ‘ഭായ്’ എങ്ങനെ നമുക്ക് മാറ്റി നിർത്താനാകുമെന്നും മോദി ചോദിക്കുന്നു.
അതേസമയം, ടെഡ്രോസ് കഴിഞ്ഞ ദിവസം ഗുജറാത്തി ഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

