ജോലിക്കിടെ ജീവഹാനി സംഭവിക്കുന്ന പോലീസുകാരുടെ കുടുംബത്തിന് നഷ്ടപരിഹാരം; പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ

അമൃത്സർ: നിർണായക പ്രഖ്യാപനം നടത്തി പഞ്ചാബ് സർക്കാർ. ജോലിക്കിടെ ജീവഹാനി സംഭവിക്കുന്ന പോലീസുകാരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ഒരു കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടപരിഹാരമായി നൽകുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകൾക്കും ഓരോ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന നിർണായക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഞ്ചാബ് സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പത്താൻകോട്ടിൽ വച്ച് തൃരംഗ യാത്രക്കിടെയാണ് കെജ്രിവാൾ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതിന് പുറമെ, പോലീസ് ക്ഷേമനിധിയും 10 കോടിയിൽ നിന്ന് 15 കോടിയായി ഉയർത്തി. പഞ്ചാബ് പോലീസിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോൽ നിന്ന് പോലീസുകാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് പോലീസിന്റെ പ്രവർത്തനങ്ങളിൽ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്.

അതേസമയം, അധികാരത്തിലെത്തിയതിന് പിന്നാലെ പഞ്ചാബ് സർക്കാർ നിയമസഭാ സാമാജികരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരുന്നു. ഇനിമുതൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചിരുന്നത്.