പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നീട്ടി; പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ പാടില്ല

പാലക്കാട്: പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഏപ്രിൽ 24 വരെ ജില്ലയിൽ നിരോധനാജ്ഞ തുടരുമെന്ന് കളക്ടർ അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്നാണ് പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ലെന്നാണ് നിർദ്ദേശം.

കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ടാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്‌ഫോടക വസ്തു നിയമം 1884 ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥങ്ങളിൽ സ്ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, അവശ്യ സേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.