കോഴിക്കോട്: സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസിനെതിരെ നടപടി സ്വീകരിച്ച് സിപിഎം. കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തെത്തുടർന്ന് ലൗ ജിഹാദ് പരാമർശം നടത്തിയതിനാണ് പാർട്ടി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ജോർജ് എം തോമസിനെ പരസ്യമായി ശാസിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ബുധനാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
ജോർജ് എം തോമസിനെതിരെ നടപടി സ്വീകരിക്കുന്ന വിഷയം സംസ്ഥാന സമിതി യോഗം ജില്ലാ സെക്രട്ടേറിയറ്റിനു വിടുകയായിരുന്നു. അതേസമയം, ജോർജ് എം. തോമസിന്റേത് പാർട്ടി വിരുദ്ധനിലപാടാണെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ അറിയിച്ചിരുന്നു.
ജോർജ് എം. തോമസ് പരസ്യമായി നടത്തിയ പ്രസ്താവന പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണ്. ആ നിലപാടിനെ പാർട്ടി ജില്ലാ സെക്രട്ടറി പിറ്റേ ദിവസം തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ജോർജ് എം. തോമസ് സ്വീകരിച്ച പരസ്യമായ നിലപാട് വിലയിരുത്തി ആവശ്യമായ കാര്യം പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാൻ നീക്കം നടക്കുന്നതായി പാർട്ടി രേഖകളിൽ ഉണ്ടെന്നായിരുന്നു ജോർജ് എം തോമസിന്റെ പ്രസ്താവന. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

