വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 8 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയില്‍ 8 ദിവസത്തെ കല്‍ക്കരി ശേഖരം മാത്രമേയുള്ളൂവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
‘ബിജെപി സര്‍ക്കാര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം. പണപ്പെരുപ്പത്തിന്റെ യുഗമാണ് ഇപ്പോള്‍. പവര്‍കട്ട് മൂലം ചെറുകിട വ്യവസായങ്ങള്‍ തകരും. ഈ വ്യവസായങ്ങള്‍ ഇല്ലാതാകുന്നതോടെ ജനങ്ങള്‍ക്ക് തൊഴില്‍ പ്രതിസന്ധിയുണ്ടാകും. വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ നിര്‍ത്തി വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുക’- രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെമ്പാടുമുള്ള കല്‍ക്കരി അധിഷ്ഠിത വൈദ്യുതോല്‍പാദന പ്ലാന്റുകളില്‍ കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ വരും കാലങ്ങളില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി എഞ്ചിനീയേഴ്സ് ഫെഡറേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

